
ഹൈദരാബാദ്: ഇന്ത്യയുടെ വാര്‍ത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ് 6 എയുമായുള്ള ബന്ധം നഷ്ടപ്പെട്ടെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. വ്യാഴാഴ്ചയാണ് വാര്‍ത്താ വിനിമയ ഉപഗ്രഹമായ ജി-സാറ്റ് 6 വിക്ഷേപിച്ചത്. വിക്ഷേപണം കഴിഞ്ഞ് രണ്ടു ദിവസം കഴിഞ്ഞിട്ടും ഉപഗ്രഹവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സി പുറത്തുവിട്ടിരുന്നില്ല. ഇതിനു പിന്നാലെയാണ് വാര്‍ത്താവിനിമയ രംഗത്ത് വലിയ മുന്നേറ്റമുണ്ടാക്കുമെന്നു പ്രതീക്ഷിച്ച ഈ ഉപഗ്രഹവുമായുള്ള ബന്ധം നഷ്ടപ്പെട്ടെന്ന ഐഎസ്ആര്‍ഒയുടെ അറിയിപ്പ് വന്നത്. ഉപഗ്രഹവുമായി ‘ലിങ്ക്’ ചെയ്യാനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്നു ഗവേഷകര്‍ അറിയിച്ചു. ഉപഗ്രഹത്തിനു പ്രവര്‍ത്തനോര്‍ജം നല്‍കുന്ന ‘പവര്‍ സിസ്റ്റത്തിനു’ തകരാര്‍ സംഭവിച്ചതായാണ് പ്രാഥമീക നിഗമനം. മൂന്നാമത്തെ ലാം എന്‍ജിന്‍ വേര്‍പെടുത്തിയതിന് പിന്നാലെയായിരുന്നു ബന്ധം നഷ്ടപ്പെട്ടത്.
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ വിക്ഷേപണ കേന്ദ്രത്തില്‍ നിന്ന് മാര്‍ച്ച് 29 വൈകിട്ട് 4.56 നാണ് ഉപഗ്രഹവും വഹിച്ച് ജി.എസ്.എല്‍.വി മാര്‍ക്ക് ടു കുതിച്ചുയര്‍ന്നത്. പിറ്റേന്നു രാവിലെ ആദ്യത്തെ ഭ്രമണം ഉപഗ്രഹം വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. ഉപഗ്രഹത്തെ ഭൂസ്ഥിര ഭ്രമണ പഥത്തില്‍ എത്തിക്കുന്നതിനുള്ള ശ്രമം ഹസ്സനിലെ മാസ്റ്റര്‍ കണ്‍ട്രോള്‍ ഫെസിലിറ്റിയിലാണ് നടത്തിയിരുന്നത്. എന്നാല്‍ അയക്കുന്ന സന്ദേശങ്ങള്‍ക്ക് ഉപഗ്രഹത്തില്‍ നിന്ന് മറുപടി ലഭിക്കാതായതോടെ ചെയര്‍മാന്‍ കെ. ശിവന്‍ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുകയും കാര്യങ്ങള്‍ നിയന്ത്രിക്കുകയും ചെയ്തു. വെളള്ളിയാഴ്ച ഉപഗ്രഹത്തിലെ ഒന്നാമത്ത എഞ്ചിന്‍ 36 മിനിട്ട് പ്രവര്‍ത്തിപ്പിച്ചു. 36412 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപഥത്തിലേക്ക് ഉയര്‍ത്തുന്നതിനായാണ് എഞ്ചിന്‍ പ്രവര്‍ത്തിപ്പിച്ചത്. ഇതിന് ശേഷം ഉപഗ്രഹത്തേക്കുറിച്ചുള്ള വിവരങ്ങള്‍ ഐ.എസ്.ആര്‍.ഒ പുറത്തുവിട്ടിരുന്നില്ല.
