
ഇന്ത്യയെ ലക്ഷ്യമാക്കി ഒരു ഭീകരാക്രമണത്തിനുകൂടി മുതിര്‍ന്നാല്‍ പാകിസ്താന്‍റെ അവസ്ഥ അതീവ ഗുരുതരമായിരിക്കുമെന്ന മുന്നറിയിപ്പുമായി യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. മാത്രമല്ല, ഭീകരവാദത്തിനെതിരെ പാകിസ്താന്‍ സുസ്ഥിരവും ദൃഢവും മാറ്റംവരുത്താത്തതുമായ നടപടികള്‍ സ്വീകരിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു.

പാക് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ജെയ്ഷ ഇ മുഹമ്മദ്, ലഷ്‌കര്‍ ഇ ത്വയ്ബ തുടങ്ങിയ പ്രധാന ഭീകരവാദ സംഘടനകള്‍ക്കെതിരെ ഉറച്ചതും സുസ്ഥിരവുമായ നടപടികള്‍ സ്വീകരിക്കുന്ന പാകിസ്താനെയാണ് നമുക്ക് വേണ്ടത്. ഇതിലൂടെ പ്രദേശത്തെ അസ്വസ്ഥതകള്‍ അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തണമെന്നും ട്രംപ് പറഞ്ഞു.
പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ ബാലാക്കോട്ടില്‍ വ്യോമാക്രമണം നടത്തിയതിന് ശേഷം പാകിസ്താന്‍ ഈ സംഘടനകള്‍ക്കെതിരെ ചില നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അമേരിക്ക തുറന്നുപറഞ്ഞു. പാകിസ്താന്‍ ചില ഭീകരവാദ സംഘടനകളുടെ ആസ്തി മരവിപ്പിക്കാനും ചിലരെ അറസ്റ്റ് ചെയ്യാനും തയ്യാറായിട്ടുണ്ട്. ജെയ്ഷ മുഹമ്മദിന്‍റെ ചില കേന്ദ്രങ്ങള്‍ നിയന്ത്രണത്തിലാക്കാനും പാക് സര്‍ക്കാരിന് സാധിച്ചിട്ടുണ്ടെന്നും അമേരിക്കന്‍ അധികൃതര്‍ വ്യക്തമാക്കി.
