ന്യൂഡല്‍ഹി: സാര്‍ക്ക് രാജ്യങ്ങളിലെ റോഡ് നിര്‍മ്മാണത്തിനുള്ള ടെന്‍ഡറില്‍ ദേശീയ പാത അതോറിറ്റിയും ഇനി പങ്കെടുക്കും. ശ്രീലങ്കന്‍ സര്‍ക്കാരുമായി ഇതിനോടകം ചര്‍ച്ച തുടങ്ങിക്കഴിഞ്ഞു. ഇത്തരത്തില്‍ റോഡ് നിര്‍മ്മിക്കുന്നതിലൂടെ കണ്ടെത്തുന്ന വരുമാനം ഇന്ത്യയില്‍ റോഡ് നിര്‍മ്മാണത്തിന് വിനിയോഗിക്കും എന്ന് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. ഇപ്പോള്‍ തന്നെ ഇത്തരത്തില്‍ നിരവധി വാഗ്ദാനങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അടിസ്ഥാന സൗകര്യമേഖലയില്‍ മോദി സര്‍ക്കാര്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധചെലുത്തുന്നത് ദേശീയ പാത നിര്‍മ്മാണത്തിലാണ്.

2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് 387 ബില്യണ്‍ ഡോളര്‍ റോഡ് നിര്‍മ്മാണത്തിന് ചിലവഴിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ദിവസേന 42 കിലോമീറ്റര്‍ ദേശീയ പാത നിര്‍മ്മിക്കുകയാണ് ലക്ഷ്യമിട്ടതെങ്കിലും ശരാശരി 23 കിലോമീറ്റര്‍ മാത്രമാണ് നിര്‍മ്മിക്കാന്‍ കഴിയുന്നത്. സ്ഥലമേറ്റെടുപ്പും പാരിസ്ഥിതിക അനുമതിയും കരാറുകാരുടെ മെല്ലപ്പോക്കുമാണ് ഇതിന് പ്രധാനകാരണങ്ങളെന്ന് ഗതാഗത സഹമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ കഴിഞ്ഞയിടെ പാര്‍ലമെന്റിനെ അറിയിച്ചിരുന്നു.