
ന്യൂഡല്‍ഹി: ഇന്ത്യയിലുള്ള മുസ്ലീങ്ങളെ മുഴുവന്‍ പാകിസ്താനിലേക്ക് അയക്കണം എന്ന് ആവശ്യപ്പെട്ടു നല്‍കിയ പൊതു താത്പര്യ ഹര്‍ജി മിനിറ്റുകള്‍ കൊണ്ട് തള്ളി സുപ്രീം കോടതി. ജസ്റ്റിസ് ആര്‍.എഫ്. നരിമാനും വിനീത് സാരനും ചേര്‍ന്ന ബഞ്ചാണ് സംഗത് സിങ്ങ് ചൗഹാന്‍ എന്നയാള്‍ നല്‍കിയ ഹര്‍ജി വാദം പോലും കേള്‍ക്കാന്‍ നില്‍ക്കാതെ തന്നെ തള്ളിയത്. ഹര്‍ജി പരിഗണിക്കവേ ജസ്റ്റിസ് നരിമാന്‍ ആദ്യം ഹര്‍ജിക്കാരന്‍റെ അഭിഭാഷകനോട് ഹര്‍ജി ഉറക്കെ വായിക്കാന്‍ ആവശ്യപ്പെട്ടു. ഹര്‍ജി മുഴുവന്‍ വായിച്ചു കേട്ടതിന് ശേഷം ഇതില്‍ ശരിക്കും വാദിക്കാന്‍ താങ്കള്‍ ആഗ്രഹിക്കുന്നുണ്ടോ എന്ന് ജസ്റ്റിസ് നരിമാന്‍ അഭിഭാഷകനോട് ചോദിച്ചു. ഉണ്ടെങ്കില്‍ കേള്‍ക്കാമെന്നും പക്ഷേ താങ്കള്‍ക്ക് എതിരെ നടപടിയുണ്ടാകമെന്നും വ്യക്തമാക്കിയായിരുന്നു ജസ്റ്റിസ് നരിമാന്‍റെ ചോദ്യം. തുടര്‍ന്ന് വേണ്ട എന്ന് പറഞ്ഞ് അഭിഭാഷകന്‍ പിന്മാറുകയും ഹര്‍ജി തള്ളുകയും ചെയ്തുവെന്ന് ‘ബാര്‍ ആന്‍ഡ് ബഞ്ച്’ റിപ്പോര്‍ട്ട് ചെയ്യുന്നു.

സുപ്രീം കോടതിയുടെ ഈ നടപടി വലിയ കയ്യടിയോടെയാണ് സമൂഹമാധ്യമങ്ങളടക്കം സ്വീകരിച്ചിരിക്കുന്നത്. ഇത്തരമൊരു ഹര്‍ജി നല്‍കിയവരെ വിമര്‍ശിച്ചും മതേതരത്വം ചൂണ്ടിക്കാട്ടിയും പലരും വിധി ഷെയര്‍ ചെയ്യുകയാണ്.
ഇന്ത്യയ്ക്ക് സ്വാതന്ത്രം ലഭിച്ച ശേഷം ഹിന്ദു രാജ്യമായെന്ന് മേഘാലയ ഹൈക്കോടതി ജഡ്ജി എസ്ആര്‍ സെന്‍ ഡിസംബറില്‍ നടത്തിയ പരാമര്‍ശത്തില്‍ കഴിഞ്ഞ മാസം ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ബഞ്ച് നോട്ടീസ് അയച്ചിരുന്നു. സെന്‍ നടത്തിയ പരാമര്‍ശം ചരിത്രത്തെ തെറ്റായി വ്യാഖ്യാനിപ്പിക്കുന്നതും നിയമപരമായി നിലനില്‍ക്കുന്നതല്ലെന്നും ചൂണ്ടിക്കാട്ടി അഭിഭാഷകനായ സോന ഖാന്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു നടപടി. അതേപോലെ 2017ല്‍ ഏഴ് സംസ്ഥാനങ്ങളിലും ഒരു കേന്ദ്ര ഭരണ പ്രദേശത്തും ഹിന്ദുക്കള്‍ക്ക് ന്യൂനപക്ഷ പദവി നല്‍കണമെന്നാവശ്യപ്പെട്ട് നല്‍കിയ സമാനമായ ഹര്‍ജിയും സുപ്രീം കോടതി തള്ളിയിരുന്നു.
