
ന്യൂഡല്‍ഹി: ഇന്ത്യൻ അതിർത്തിയിൽ ചൈനയുടെ കടന്നുകയറ്റവും ഇത് തടയാനുള്ള ഇന്ത്യൻ സേനയുടെ ശ്രമവും യുദ്ധത്തിലേക്ക് നീങ്ങിയേക്കുമെന്ന സൂചനയാണ് നൽകുന്നത്. ഇതിനെ ശരിവെക്കുന്ന വിധം ചൈനയുടെ പടക്കപ്പലുകള്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ എത്തിയെന്നും സൂചനയുണ്ട്. രണ്ടു മാസത്തിനിടെ 13 ചൈനീസ് പടക്കപ്പലുകളെ പല സമയങ്ങളിലായി ഇന്ത്യന്‍ മഹാസമുദ്രത്തില്‍ കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയുടെ നാവിക സാറ്റലൈറ്റ് രുക്മിണി (ജിസാറ്റ്7), പൊസീഡന്‍81 എന്ന ദീര്‍ഘദൂര നാവികവിമാനം എന്നിവയുടെ പരിശോധനയിലാണു മുങ്ങിക്കപ്പലുകള്‍ അടക്കമുള്ള ചൈനയുടെ നാവികസന്നാഹങ്ങള്‍ കണ്ടെത്തിയത്. ഇത് വ്യക്തമാകുന്നത് ഏത് സമയവും ഇന്ത്യയെ ആക്രമിക്കാൻ ചൈന സന്നാഹമൊരുക്കി എന്നതാണ്.
സിക്കിം അതിര്‍ത്തിയിലേക്ക് ഇന്ത്യ അയച്ച സൈനികരെ പിന്‍വലിക്കണമെന്ന് ചൈന കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു. അതിര്‍ത്തിയില്‍ ചൈനയുടെ പട്ടാളം നിര്‍മിക്കുന്ന പാതയുടെ പണി തടസ്സപ്പെടുത്താനുള്ള ഇന്ത്യന്‍ സൈന്യത്തിന്റെ നീക്കം നിലവിലിരുന്ന നിലപാടിനെ വഞ്ചിക്കുന്നതാണെന്നു ചൈന ആരോപിച്ചു. ഇതിനിടെയാണ് ഏറ്റവും പുതിയ ലുയാങ്-3 വിഭാഗത്തിലുള്ള മിസൈല്‍ നശീകരണ മുങ്ങിക്കപ്പലുകള്‍ ഉള്‍പ്പെടെയുള്ളവ ഇന്ത്യന്‍ മഹാസമുദ്രത്തിലെത്തിച്ച് ചൈന ഇന്ത്യയുമായുള്ള യുദ്ധത്തിന് കോപ്പ്കൂട്ടുന്നതും.
