ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് 67 ആം ജന്മദിനം; പരിസരശുചിത്വ പ്രവര്‍ത്തനങ്ങളുമായി പിറന്നാള്‍ ദിനത്തില്‍ മോദി

  • Post category:news
  • Reading time:2 mins read
You are currently viewing ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് 67 ആം ജന്മദിനം; പരിസരശുചിത്വ പ്രവര്‍ത്തനങ്ങളുമായി പിറന്നാള്‍ ദിനത്തില്‍ മോദി

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് ഇന്ന് അറുപത്തിഏഴാം ജന്മദിനം. ഈ ദിവസം പരിസര ശുചിത്വ പ്രവര്‍ത്തനങ്ങള്‍ക്കായാണ് പ്രധാനമന്ത്രി നീക്കി വെച്ചിരിക്കുന്നത്. സാധാരണ ദിവസങ്ങളെ പോലെ തന്നെ ഈ ദിവസവും കടന്നുപോകും. അദ്ദേഹം തന്‍റെ ഉത്തരവാദിത്വങ്ങള്‍ മാറ്റിവെച്ച് പിറന്നാള്‍ ആഘോഷത്തിന് സമയം കണ്ടെത്തില്ല.

ഉത്തരഗുജറാത്തിലെ മെഹ്സാന ജില്ലയിലെ വഡ്‌നഗർ എന്ന ഒരു ഗ്രാമത്തിൽ പലചരക്കു വ്യാപാരികളുടെ കുടുംബത്തിലാണ് 1950 സെപ്റ്റംബർ 17-ൽ നരേന്ദ്രമോദി ജനിച്ചത്. ദാമോദർദാസ് മൂൽചന്ദ് മോദിയുടേയും, ഹീരാബെന്നിന്റേയും ആറുമക്കളിൽ മൂന്നാമനായി ആയിരുന്നു മോദിയുടെ ജനനം. പിതാവിനെ ചായക്കച്ചവടത്തിൽ അദ്ദേഹം സഹായിക്കുമായിരുന്നു, കൗമാരകാലഘട്ടത്തിൽ സഹോദരനോടൊപ്പം മോദി, ഒരു ചായക്കടയും നടത്തിയിരുന്നു.

1971 ലെ ഇന്ത്യാ- പാകിസ്താൻ യുദ്ധ കാലഘട്ടത്തിലാണ് മോദി ആർ. എസ്സ്. എസ്സിൽ ചേരുന്നത്. 1975 ൽ ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധി ഇന്ത്യയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ ഒളിവിൽ പോയ മോദി, അവിടെയിരുന്ന് കേന്ദ്ര സർക്കാരിനെതിരേ ലഘുലേഖകൾ തയ്യാറാക്കി ജനങ്ങൾക്കിടയിൽ വിതരണം ചെയ്തു. ജയപ്രകാശ് നാരായൺ അടിയന്തരാവസ്ഥക്കെതിരേ നടത്തിയ സമരങ്ങളിലും, മോദി ഭാഗഭാക്കായിരുന്നു

1985 ൽ ഭാരതീയ ജനതാ പാർട്ടിയിൽ ചേർന്നു പ്രവർത്തിക്കാൻ ആർ. എസ്സ്.എസ്സാണു മോദിയോട് ആവശ്യപ്പെട്ടത്.1988 ൽ ഭാരതീയ ജനതാ പാർട്ടിയുടെ ഗുജറാത്ത് ഘടകത്തിന്റെ ഓർഗനൈസിംഗ് സെക്രട്ടറിയായി മോദി തിരഞ്ഞെടുക്കപ്പെട്ടു, 1995 ൽ ഗുജറാത്തിൽ ഭാരതീയ ജനതാ പാർട്ടി നേടിയ വൻവിജയത്തിനു പിന്നിൽ മോദിയുടെ തിരഞ്ഞെടുപ്പു തന്ത്രങ്ങളായിരുന്നു.

മോദി ഗുജറാത്തിന്റെ മുഖ്യമന്ത്രിയായി മൂന്നു തവണ തിരഞ്ഞെടുക്കപ്പെട്ടു. ആദ്യം 2001-ൽ കേശുഭായ് പട്ടേൽ സ്ഥാനമൊഴിഞ്ഞിടത്തേക്ക് അദ്ദേഹത്തിനു പകരം ബി.ജെ.പിയുടെ മുഖ്യമന്ത്രിയായി മോദി സ്ഥാനമേറ്റെടുത്തു. അതിനു ശേഷം നടന്ന മൂന്നു നിയമസഭാ തിരഞ്ഞെടുപ്പുകളിലും ബി.ജെ.പിയുടെ സർക്കാർ അധികാരത്തിൽ വരുകയും 2002-ലും 2007-ലും തുടർന്ന 2012-ലും മോദി തന്നെ മുഖ്യമന്ത്രിയായി തുടരുകയും ചെയ്തു.

ഇന്ത്യയിൽ 2014-ലെ ലോകസഭാ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഭാരതീയ ജനതാ പാർട്ടി നരേന്ദ്രമോദിയെയായിരുന്നു ഉയർത്തിക്കാട്ടിയിരുന്നത്. വിജയത്തിന് ശേഷം ലോകസഭാകക്ഷി നേതാവായി എൻ. ഡി. എയുടെ സഖ്യ കക്ഷികൾ നരേന്ദ്രമോദിയെ തിരഞ്ഞെടുക്കുകയും, സഖ്യകക്ഷികളുടെ നേതാവായി പ്രധാനമന്ത്രിപദത്തിന് അവകാശം ഉന്നയിക്കയും ചെയ്തു. നരേന്ദ്ര മോദിയുടെ അവകാശത്തെ അംഗീകരിച്ച രാഷ്ട്രപതി പ്രണബ് മുഖർജി 2014 മെയ് 20-ന് നരേന്ദ്രമോദിയെ ഇന്ത്യയുടെ പതിനഞ്ചാമത് പ്രധാനമന്ത്രിയായി നിയമിച്ചു. മെയ് 26-ന് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.

0Shares