
ഏകദിന ലോകകപ്പ് മത്സരങ്ങളില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം പ്രത്യക്ഷപ്പെടുക രണ്ടു നിറത്തിലുള്ള ജെഴ്സി അണിഞ്ഞാകുമെന്ന് സൂചന. നീല നിറത്തിനൊപ്പം ഓറഞ്ച് നിറത്തിലുള്ള ജെഴ്സികളും ടീം അണിയുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹോം മത്സരങ്ങളിലാണ് ടീം നീല നിറത്തിലുള്ള ജെഴ്‌സി ധരിക്കുക. എവേ മത്സരങ്ങളില്‍ ഓറഞ്ച് ജെഴ്‌സി അണിഞ്ഞാകും ടീമെത്തുക.

കൈയിലും പിന്‍വശത്തും ഓറഞ്ച് നിറവും മുന്‍വശത്ത് കടുംനീല നിറവുമാകും ജെഴ്സിയ്ക്കെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇന്ത്യയിലുണ്ടായ തുടര്‍ ഭരണത്തിന്‍റെ പ്രതിഫലനമാണോ ഓറഞ്ച് ജെഴ്സി എന്നാണ് സമൂഹ മാധ്യമങ്ങളില്‍ ഉയരുന്ന ചോദ്യം. ആതിഥേയരായ ഇംഗ്ലണ്ട്, ഇന്ത്യ, അഫ്ഗാനിസ്ഥാന്‍, ശ്രീലങ്ക ടീമുകള്‍ക്കെല്ലാം നീല ജെഴ്സിയായതിനാല്‍ ആശയക്കുഴപ്പം ഉണ്ടാകാനുള്ള സാധ്യതയുണ്ട്.ഇത് കണക്കിലെടുത്താണ് ഹോം ആന്‍ഡ് എവേ കിറ്റുകള്‍ എന്ന ആശയം ഐ.സി.സി മുന്നോട്ട് വച്ചിരിക്കുന്നത്.
ഇംഗ്ലണ്ട് ആതിഥേയ ടീം ആയതിനാല്‍ അഫ്ഗാനിസ്ഥാനും ഇന്ത്യക്കും ശ്രീലങ്കയ്ക്കും എവേ ജെഴ്സികള്‍ അവതരിപ്പിക്കേണ്ടി വരികയായിരുന്നു. പച്ച ജെഴ്സിയിലുള്ള പാകിസ്താന്‍, ബംഗ്ലാദേശ്, ദക്ഷിണാഫ്രിക്ക എന്നീ ടീമുകളും എവേ ജെഴ്സികള്‍ ഉപയോഗിക്കണമെന്ന് ഐ.സി.സി ആവശ്യപ്പെട്ടിട്ടുണ്ട്.
