ഇന്തോനേഷ്യ തേങ്ങുന്നു; ഭീകര സുനാമിയില്‍ മരണം ആയിരം കവിഞ്ഞു; രണ്ട് ദിവസത്തിനിടെ ഉണ്ടായത് 150 ഓളം തുടര്‍ ഭൂചലനങ്ങള്‍

  • Post category:news
  • Reading time:1 min read
You are currently viewing ഇന്തോനേഷ്യ തേങ്ങുന്നു; ഭീകര സുനാമിയില്‍ മരണം ആയിരം കവിഞ്ഞു; രണ്ട് ദിവസത്തിനിടെ ഉണ്ടായത് 150 ഓളം തുടര്‍ ഭൂചലനങ്ങള്‍

ജക്കാര്‍ത്ത: ഇന്തോനേഷ്യയെ തകര്‍ത്തെറിഞ്ഞ സുനാമിയില്‍ മരണസംഖ്യ ആയിരം കവിഞ്ഞതായി അധികൃതര്‍. രണ്ട് ദിവസത്തിനിടെ 150 ഓളം തുടര്‍ചലനങ്ങളുണ്ടായത് രാജ്യത്തെ ഭീതിയിലാഴ്ത്തുകയാണ്. തകര്‍ന്ന കെട്ടിടങ്ങളുടെ അടിയില്‍ ഇപ്പോഴും നിരവധി പേര്‍ കുടുങ്ങിക്കിടക്കുകയാണ്. സുനാമിത്തിരകള്‍ ആദ്യം ആഞ്ഞടിച്ച പാലു നഗരവാസികളാണ് മരിച്ചവരില്‍ ഭൂരിഭാഗവും. 16 ലക്ഷത്തോളം പേര്‍ ഭവനരഹിതരായി. മരണസംഖ്യ ഇനിയും ഉയരാമെന്ന് ദേശീയ ദുരന്ത നിവാരണ ഏജന്‍സി വ്യക്തമാക്കുന്നു. 20 അടി ഉയരത്തിലാണ് സുനാമിത്തിരകള്‍ ആഞ്ഞടിച്ചത്. സുനാമിയ്ക്ക് കാരണമായ, റിക്ടര്‍ സ്‌കെയിലില്‍ 7.4 രേഖപ്പെടുത്തിയ ആദ്യ ഭൂചലനത്തിന് ശേഷം 150 ഓളം തുടര്‍ചലനങ്ങളുണ്ടായത് ഭീതി പരത്തുകയാണ്. സുനാമി മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും അരമണിക്കൂറിനകം ജാഗ്രതാനിര്‍ദേശം പിന്‍വലിച്ച അധികൃതരുടെ തീരുമാനം ദുരന്തത്തിന്റെ ആക്കം കൂട്ടി. റോഡുകളും പാലങ്ങളും തകര്‍ന്നതും, ആശയവിനിമയ സംവിധാനങ്ങള്‍ തകരാറിലായതും രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കുകയാണ്. ഭക്ഷണസാധനങ്ങള്‍ കിട്ടാനില്ല. കുടിയ്ക്കാന്‍ വെള്ളമില്ല. ആശുപത്രികളിലും വെള്ളം കയറിയതിനാല്‍ മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത് ടെന്റുകളിലാണ്. പാലു നഗരത്തിലെ റോ റോ എന്ന ബഹുനിലക്കെട്ടിടത്തിനടിയില്‍ നിന്ന് ഇപ്പോഴും രക്ഷിയ്ക്കാനാവശ്യപ്പെട്ട് കരച്ചില്‍ കേള്‍ക്കാമെന്ന് തീരവാസികള്‍ പറയുന്നു. ദുരന്ത ബാധിതപ്രദേശങ്ങളില്‍ ഇന്തോനേഷ്യന്‍ പ്രസിഡന്റ് ജോകോ വിദോദോ സന്ദര്‍ശനം നടത്തി. ഇവിടേയ്ക്ക് അവശ്യസേവനങ്ങള്‍ ഉടന്‍ എത്തിയ്ക്കുമെന്ന് പ്രസിഡന്റ് അറിയിച്ചു. എങ്കിലും വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമെത്തിയ വമ്പന്‍ സുനാമിയില്‍ തകര്‍ന്ന ഇന്തോനേഷ്യ സാധാരണ ജീവിതത്തിലേയ്ക്കെത്താന്‍ ദിവസങ്ങളെടുക്കുമെന്നുറപ്പാണ്. ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ ഇന്‍ഡൊനീഷ്യയ്ക്ക് സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.

0Shares