ഇനി വാട്ട്‌സാപ് അപ്‌ഡേറ്റ് നോക്കി ബസോട്ടണ്ട; സ്വിച്ച് ഓഫ് ചെയ്ത് ഓടിച്ചാല്‍ മതിയെന്ന് കെ.എസ്.ആര്‍.ടി.സി എം.ഡിയുടെ ഉത്തരവ്

  • Post category:news
  • Reading time:1 min read
You are currently viewing ഇനി വാട്ട്‌സാപ് അപ്‌ഡേറ്റ് നോക്കി ബസോട്ടണ്ട; സ്വിച്ച് ഓഫ് ചെയ്ത് ഓടിച്ചാല്‍ മതിയെന്ന് കെ.എസ്.ആര്‍.ടി.സി എം.ഡിയുടെ ഉത്തരവ്

കണ്ണൂര്‍: ഫോണില്‍ സല്ലപിച്ചും ഇടയ്ക്കിടെ വാട്ട്‌സാപിലും ഫേസ്ബുക്കിലും നോട്ടിഫിക്കേഷന്‍ നോക്കിയും വണ്ടിയോടിക്കേണ്ടെന്ന് കെ.എസ്.ആര്‍ടി.സി. ഇനി വണ്ടിയോടിക്കുന്ന ഡ്രൈവറുടെ മൊബൈല്‍ ഫോണ്‍ ഓണ്‍ ചെയ്യാന്‍ പോലും പറ്റില്ലെന്ന ഉത്തരവുമായി കെ.എസ്.ആര്‍.ടി.സി എം.ഡിയുടെ മെമ്മോ ഇറങ്ങി. ഇതു സംബന്ധിച്ച് കെ.എസ്.ആര്‍.ടി.സി എം.ഡിയുടെ സര്‍ക്കുലര്‍ പുറത്തിറങ്ങി. ബസോടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ റിപ്പയര്‍ ചെയ്ത കുമളി ഡിപ്പോയിലെ കെ.എസ്.ആര്‍.ടി.സി ഡ്രൈവറുടെ വീഡിയോ കഴിഞ്ഞ ദിവസം നവമാദ്ധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെയാണ് നടപടി. സംഭവം വനിതാ യാത്രക്കാരിയാണ് തന്റെ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയത്. ഇതേതുടര്‍ന്ന് കോട്ടയത്തുനിന്ന് കുമളിയിലേക്ക് സര്‍വീസ് നടത്തിയ ആര്‍.എ.കെ 580 നമ്പര്‍ ബസിലെ ഡ്രൈവറായിരുന്ന ജയചന്ദ്രനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇത്തരം സംഭവം ഇനി ആവര്‍ത്തിക്കരുതെന്ന് എം.ഡി ജീവനക്കാര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. യാത്രക്കാരുടെ സുരക്ഷ ഓരോ ജീവനക്കാരന്റെയും വലീയ ഉത്തരവാദിത്വമാണ്. സുരക്ഷ ഉറപ്പാക്കാന്‍ ഡ്രൈവിംഗ് വേളയില്‍ പൂര്‍ണ ജാഗ്രത ഉണ്ടായിരിക്കണം. അനവധി വ്യക്തികളുടെ സുരക്ഷയെ അപകടത്തിലാക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍ കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍മാരായി തുടരുന്നത് അംഗീകരിക്കാനാവില്ലാത്തതാണെന്നും എം.ഡിയുടെ നോട്ടീസില്‍ പറയുന്നു. ഇത്തരക്കാരെ സര്‍വീസില്‍ നിന്നും നീക്കം ചെയ്യാനും മടിക്കില്ലെന്നാണ് ഈ നോട്ടീസിലൂടെ വ്യക്തമാക്കുന്നത്. നോട്ടീസ് എല്ലാ യൂണിറ്റിലും പ്രദര്‍ശിപ്പിക്കാനും നിര്‍ദ്ദേശമുണ്ട്.

0Shares