ഇനി ബാറുകള്‍ ആരാധനാലയങ്ങളുടെയും സ്‌കൂളുകളുടേയും 50 മീറ്റര്‍ അകലെയാകാം; ബാറുടമകള്‍ക്ക് ഇടതു സര്‍ക്കാരിന്റെ ഓണസമ്മാനമാണ് നയമെന്ന് വി.എം സുധീരന്‍

  • Post category:news
  • Reading time:2 mins read
You are currently viewing ഇനി ബാറുകള്‍ ആരാധനാലയങ്ങളുടെയും സ്‌കൂളുകളുടേയും 50 മീറ്റര്‍ അകലെയാകാം; ബാറുടമകള്‍ക്ക് ഇടതു സര്‍ക്കാരിന്റെ ഓണസമ്മാനമാണ് നയമെന്ന് വി.എം സുധീരന്‍

തിരുവനന്തപുരം: കേരളത്തിലെ കുടിയന്മാര്‍ക്ക് ഒരു സന്തോഷവാര്‍ത്ത. മദ്യശാലകള്‍ക്കുണ്ടായിരുന്ന ദൂരപരിധിയില്‍ ഇളവുമായി സംസ്ഥാന സര്‍ക്കാര്‍. ആരാധനാലയങ്ങള്‍, വിദ്യാലയങ്ങള്‍ എന്നിവയില്‍ നിന്നുള്ള ദൂരപരിധിയാണ് സര്‍ക്കാര്‍ കുറച്ചത്. നിലവിവുള്ള 200 മീറ്റര്‍ എന്ന പരിധി 50 മീറ്ററാക്കി. ഇളവ് ഫോര്‍ സ്റ്റാര്‍ മുതലുള്ള ബാറുകള്‍ക്കാണ് ബാധകം. കഴിഞ്ഞ 29 നാണ് എക്സൈസ് വകുപ്പിന്റെ ചുമതലയുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. നേരത്തെ ഫോര്‍ സ്റ്റാര്‍ ബാറുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കി ഇറക്കിയ ഉത്തരവില്‍ ദൂരപരിധി കുറയ്ക്കണമെന്ന നിര്‍ദ്ദേശമുണ്ടായിരുന്നു. എന്നാല്‍ ഫൈവ് സ്റ്റാര്‍ ബാറുകളുടെ കാര്യത്തില്‍ ഈ ദൂരപരിധിയില്‍ ഇളവ് വരുത്തിയിരുന്നില്ല. ദൂരപരിധി കുറയ്ക്കണമെന്ന് സര്‍ക്കാരിന് എക്സൈസ് വകുപ്പില്‍ നിന്ന് നിര്‍ദ്ദേശവുമുണ്ട്. ഈ സാഹചര്യത്തില്‍ ഫോര്‍ സ്റ്റാര്‍, ഫൈവ് സ്റ്റാര്‍, ഹെറിറ്റേജ് അടക്കമുള്ള ബാറുകളുടെ ദൂരപരിധി കുറയ്ക്കുന്നുവെന്നാണ് ഉത്തരവില്‍ പറയുന്നത്. സുപ്രീം കോടതി ഉത്തരവ് പ്രകാരം പാതയോരങ്ങളിലെ ബാറുകളുടെ എണ്ണം പരിമിതപ്പെടുത്തിയപ്പോള്‍ മാറ്റി സ്ഥാപിച്ച ബാറുകള്‍ക്ക് ദൂരപരിധി ഒരു തടസമായി വരുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു ഇളവ് നല്‍കിയത്. ബാര്‍ അസോസിയേഷന്‍ അടക്കം നിരവധി സംഘടനകളില്‍ നിന്ന് ഉണ്ടായ സമ്മര്‍ദ്ദങ്ങളെ തുടര്‍ന്നാണ് ഈ നീക്കത്തിന് പിന്നിലെന്നാണ് വിവരം.ഇതോടെ സംസ്ഥാനത്ത് കൂടുതല്‍ ബാറുകള്‍ക്ക് പ്രവര്‍ത്തനാനുമതി ലഭിക്കുന്ന സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. അതേസമയം എത്ര ബാറുകള്‍ക്ക് പ്രവര്‍ത്തനാനുമതി ലഭിക്കും എന്നതിന് കൃത്യമായ കണക്കുകള്‍ ലഭ്യമല്ല. യു.ഡി.എഫ് സര്‍ക്കാരിന്റെ അവസാനകാലത്ത് 306 സര്‍ക്കാര്‍ നിയന്ത്രിത മദ്യവില്‍പന കേന്ദ്രങ്ങള്‍. 29 ബാറുകള്‍, 813 ബിയര്‍-വൈന്‍ പാര്‍ലറുകള്‍, 4,730 കള്ളുഷാപ്പുകള്‍ പ്രവര്‍ത്തിച്ചിരുന്നു. സുപ്രീംകോടതി വിധി വന്ന ശേഷം ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് 281 സര്‍ക്കാര്‍ നിയന്ത്രിത മദ്യവില്‍പന കേന്ദ്രങ്ങള്‍, 25 ബാറുകള്‍, 285 ബിയര്‍-വൈന്‍ പാര്‍ലറുകള്‍, 3520 കള്ളുഷാപ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
സംസ്ഥാന സര്‍ക്കാരിന്റെ കൂറ് മദ്യ മുതലാളിമാരോടാണെന്ന് ആവര്‍ത്തിച്ചു പ്രഖ്യാപിക്കുന്നതാണ് ബാറുകളുടെ ദൂരപരിധി കുറച്ചുകൊണ്ടുള്ള ഉത്തരവവെന്ന് മുന്‍ കെ.പി.സി.അധ്യക്ഷന്‍ വി.എം സുധീരന്‍. ആരാധനാലയങ്ങള്‍, വിദ്യാലയങ്ങള്‍, എസ്.സി-എസ്.റ്റി. കോളനികള്‍ക്കൊക്കെ ഗുണകരമായിരുന്ന 200 മീറ്റര്‍ ദൂരപരിധിയില്‍ മാറ്റം വരുത്തി 50 മീറ്ററായി കുറച്ചത് ബാറുടമകള്‍ക്ക് സര്‍ക്കാരിന്റെ ഓണസമ്മാനമാണ്. കേരളം കണ്ട വലിയ രാഷ്ട്രീയ അഴിമതിയുടെ പ്രതിഫലനമാണ് മദ്യനയവും തുടര്‍ നടപടികളും ഏറ്റവും ഒടുവിലത്തെ ഈ ഉത്തരവും. ജനങ്ങള്‍ക്കൊപ്പമല്ല മറിച്ച്, വിദ്യാര്‍ത്ഥികളെ കൊള്ളയടിക്കുന്ന സ്വാശ്രയ മാനേജുമെന്റുകള്‍ക്കും ഭൂമാഫിയയ്ക്കും മദ്യമുതലാളിമാര്‍ക്കും ഒപ്പമാണ് ഈ സര്‍ക്കാര്‍ എന്നത് വളരെ വ്യക്തമാണെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

0Shares