
ന്യൂഡല്‍ഹി: ദിലീപിനെതിരെ കുറ്റപത്രം നല്‍കുന്നതിനായി മുന്നോട്ട് പോകുന്ന അന്വേഷണ സംഘത്തെ പ്രതിരോധത്തിലാക്കുന് അസാധാരണമായ നടപടിയുമായി ദിലീപിന് വേണ്ടി പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെടുന്നു. ദിലീപിനെതിരായ ഗൂഢാലോചന ചീഫ് സെക്രട്ടറി അന്വേഷിക്കണമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദ്ദേശം വന്നു. കേസില്‍ ദിലീപിനെതിരെ ഗൂഡാലോചന നടന്നുവെന്ന് കാണിച്ച് ഫെഫ്ക അംഗം സലിം ഇന്ത്യയാണ് പ്രധാനമന്ത്രിയുടെ ഓഫീസിന് പരാതി നല്‍കിയത്. യാതൊരു തെളിവുമില്ലാതെ ദിലീപിനെ അറസ്റ്റ് ചെയ്ത് 85 ദിവസം ജയിലിലടച്ചതിനെതിരെ നീതി ആവശ്യപ്പെട്ടാണ് പ്രധാനമന്ത്രിയെ സമീപിച്ചിരുന്നത്. ഈ പരാതിയിലാണ് ഇപ്പോള്‍ ചീഫ് സെക്രട്ടറി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

ദിലീപിനെതിരെ ഗൂഡാലോചന നടന്നുവെന്നും അതില്‍ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ദിലീപിന്‍റെ അമ്മ സംസ്ഥാന സര്‍ക്കാരിന് പരാതി നല്‍കിയിരുന്നു. അന്വേഷണ സംഘത്തിലെ ഉന്നതര്‍ക്കെതിരെ നിരവധി ആരോപണങ്ങളും ഉയര്‍ന്നിരുന്നു. എന്നാല്‍ ഇതില്‍ സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുക്കാതെ വന്നപ്പോള്‍ ദിലീപുമായി ബന്ധപ്പെട്ടവര്‍ കേന്ദ്രത്തെ സമീപിക്കുകയായിരുന്നു. എ.ഡി.ജി.പി ബി.സന്ധ്യ, മഞ്ജു വാര്യര്‍, സംവിധായകന്‍ ശ്രീകുമാരമേനോന്‍ എന്നിവര്‍ക്കെതിരെയാണ് പ്രധാനമായും ആരോപണം.
