തിരുവനന്തപുരം: ഇനി സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ വെറും ഓര്‍മ്മ മാത്രം. എസ്.ബി.ടി. -എസ്.ബി.ഐ. ലയനം പൂര്‍ത്തിയായതോടെ കേരളത്തിലെ ബാങ്കിങ് മേഖലയിലെ നായകത്വം ഇനി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക്. ലയനത്തോടെ ശാഖകളിലെ ബോര്‍ഡുകളില്ലാതെ ഇടപാട് രീതികളൊന്നും തത്കാലം മാറുന്നില്ല. നിലവിലെ അക്കൗണ്ട് നമ്പരും പാസ് ബുക്കും ചെക്കുബുക്കും ഉപയോഗിച്ച് ഇടപാടുകള്‍ തുടരാം. ഏപ്രില്‍ 23 വരെയാണ് ഈ ആനുകൂല്യം. നിലവില്‍ എസ് ബി ഐയിലും എസ് ബി ടിയിലും അക്കൗണ്ട് ഉള്ളവര്‍ക്ക് ഈ ദിവസം വരെ അതേ രീതി തുടരാം. എന്നാല്‍ അതിനുശേഷം ഇരു ബാങ്കുകളുടെയും സോഫ്റ്റ് വെയര്‍ ഒന്നാവുന്നതോടെ ഇരു പേരിലുള്ള അക്കൗണ്ടുകള്‍ ഒന്നാവും.

രാജ്യത്തെ ഏറ്റവും വലിയ ബാങ്കായി എസ്.ബി.ഐ യെ ഉയര്‍ത്തുന്നതിനാണ് എസ്.ബി.ടി. ഉള്‍പ്പെടെ അഞ്ച് അസോസിയേറ്റ് ബാങ്കുകളെ ലയിപ്പിച്ചത്. സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ്, സ്റ്റേറ്റ് ബാങ്ക് ഓഫ് പട്യാല, സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനീര്‍ എന്നിവയാണ് ലയിച്ച മറ്റ് ബാങ്കുകള്‍. ഇതോടെ എസ്.ബി.ഐ. ലോകത്തെ ഏറ്റവും വലിയ അമ്പത് ബാങ്കുകളില്‍ ഒന്നാവും. 1945 ല്‍ പ്രവര്‍ത്തനം തുടങ്ങിയ എസ്.ബി.ടി. 72-ാം വര്‍ഷത്തിലാണ് എസ്.ബി.ഐ.യില്‍ ലയിക്കുന്നത്. ഇതോടെ കേരളം ആസ്ഥാനമായുള്ള ഏക പൊതുമേഖലാ ബാങ്കാണ് ഇല്ലാതായത്. ലയനത്തെ സംസ്ഥാന സര്‍ക്കാര്‍ നേരത്തേ എതിര്‍ത്തിരുന്നു. എസ്.ബി.ടി. നല്‍കിയ പരിഗണന കിട്ടില്ലെന്ന ആശങ്കയായിരുന്നു എതിര്‍പ്പിനുകാരണം.