ഇനിയൊരു മിന്നലാക്രമണം സര്‍ക്കാര്‍ തീരുമാനിച്ചാല്‍ ചൈനയോടും പാകിസ്താനോടും ഒരേസമയം യുദ്ധം ചെയ്യാന്‍ സജ്ജമെന്ന് വ്യോമസേനാ മേധാവി

  • Post category:news
  • Reading time:1 min read
You are currently viewing ഇനിയൊരു മിന്നലാക്രമണം സര്‍ക്കാര്‍ തീരുമാനിച്ചാല്‍ ചൈനയോടും പാകിസ്താനോടും ഒരേസമയം യുദ്ധം ചെയ്യാന്‍ സജ്ജമെന്ന് വ്യോമസേനാ മേധാവി

ന്യൂഡല്‍ഹി: ഒരേസമയം പാകിസ്താനോടും ചൈനയോടും യുദ്ധം ചെയ്യാന്‍ ഇന്ത്യന്‍ വ്യോമസേന എല്ലാതരത്തിലും സജ്ജമാണെന്ന് എയര്‍ചീഫ് മാര്‍ഷല്‍ ബി.എസ് ധനോവ പറഞ്ഞു. വ്യോമസേനയെ ഉള്‍പ്പെടുത്തി ഇനിയൊരു മിന്നലാക്രമണം സര്‍ക്കാര്‍ തീരുമാനിച്ചാല്‍ അതിന് ഞങ്ങള്‍ തയ്യാറാണെന്നും ധനോവ പറഞ്ഞു. വ്യോമസേനാ ദിനത്തോടനുബന്ധിച്ച് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ സമ്പാദ്യങ്ങള്‍ക്ക് നഷ്ടം സംഭവിക്കാതെ അപകടങ്ങള്‍ കുറച്ചു കൊണ്ടുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് സൈന്യത്തിന്റെ ശ്രമം. ഡോക്ലാം പ്രശ്നം അവസാനിച്ചെങ്കിലും ചൈനീസ് സൈന്യം ഇപ്പോഴും ടിബറ്റിലെ ചുംബി താഴ്വരയില്‍ ഉണ്ട്. ശത്രുക്കള്‍ ഏത് മേഖലയില്‍ ഉണ്ടെങ്കിലും അവരെ കണ്ടെത്തുന്നതിനും ഏത് സ്ഥലത്തും ആക്രമണം നടത്തുന്നതിനും സേന സജ്ജമാണ്. ഏത് വെല്ലുവിളിയും ഏറ്റെടുക്കും.നമുക്ക് ഇനിയും 42 യുദ്ധവിമാനങ്ങള്‍കൂടി ആവശ്യമായുണ്ട്. അത് 2032 ഓടെ ലഭ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചൈനയോടും പാകിസ്താനോടും ഒരേസമയം യുദ്ധം ചെയ്യാന്‍ ഇന്ത്യ തയ്യാറായിരിക്കണമെന്ന് സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത് കഴിഞ്ഞ മാസം പറഞ്ഞിരുന്നു. വടക്കുകിഴക്കന്‍ മേഖലയില്‍ മറ്റുള്ളവര്‍ ശക്തി പ്രകടിപ്പിക്കാന്‍ തുടങ്ങിയിട്ടുണ്ടെന്നും ഇന്ത്യയുടെ ക്ഷമ പരീക്ഷിക്കുന്ന നടപടികളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നും റാവത്ത് പറഞ്ഞിരുന്നു. ചൈനയുമായി യുദ്ധമുണ്ടായാല്‍ പാകിസ്താനും അതില്‍ ഇടപെടാന്‍ സാധ്യതയുണ്ട്. ഒരു യുദ്ധം നടക്കുന്ന സാഹചര്യം മുതലെടുത്ത് പാകിസ്താന്‍ മറ്റൊരു വശത്തുനിന്ന് യുദ്ധം തുടങ്ങാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

 

0Shares