ഇത് സർക്കാർ നയം; ഗവര്‍ണര്‍ക്ക്‌ നല്‍കുന്ന നയപ്രഖ്യാപനത്തിൽ നിന്ന് സി.എ.എ വിരുദ്ധ പരാമ‌ർശം നീക്കില്ല; നിലപാടുമായി കേരളാ സര്‍ക്കാര്‍

  • Post category:news
  • Reading time:1 min read
You are currently viewing ഇത് സർക്കാർ നയം; ഗവര്‍ണര്‍ക്ക്‌ നല്‍കുന്ന നയപ്രഖ്യാപനത്തിൽ നിന്ന് സി.എ.എ വിരുദ്ധ പരാമ‌ർശം നീക്കില്ല; നിലപാടുമായി കേരളാ സര്‍ക്കാര്‍

ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിൽ നിന്ന് പൗരത്വ നിയമഭേദഗതിക്ക് എതിരായ പരാമർശം നീക്കില്ലെന്ന് സർക്കാർ. ഗവർണറെ സർക്കാർ ഈ നിലപാട് അറിയിച്ചു. ഒരു ഏറ്റുമുട്ടലിനില്ലെന്നും, ഗവർണറെ തിരിച്ചുവിളിക്കണമെന്ന തരത്തിൽ പ്രതിപക്ഷം നൽകിയ നോട്ടീസിനെ സർക്കാർ അനുകൂലിക്കില്ലെന്നും സർക്കാർ വ്യക്തമാക്കുന്നു.

ഗവർണറെ നീക്കണമെന്ന പ്രമേയം ഭരണഘടനാ പ്രതിസന്ധിയുണ്ടാക്കുമെന്ന് സർക്കാർ വിലയിരുത്തുന്നു.
ഭരണഘടന സംരക്ഷിക്കാനാണ് സർക്കാർ ഇത്തരമൊരു പരാമർശം നയപ്രഖ്യാപന പ്രസംഗത്തിൽത്തന്നെ ഉൾപ്പെടുത്തിയതെന്ന് സർക്കാർ രാജ്ഭവന് നൽകിയ മറുപടിയിൽ വ്യക്തമാക്കുന്നുണ്ട് എന്നാണ് സൂചന. ഇത് സർക്കാർ നയമാണ്. ഭരണഘടന സംരക്ഷിക്കാനുള്ള നീക്കം കോടതിയലക്ഷ്യമാകില്ല. ഇതൊരു ഏറ്റുമുട്ടലിന് വേണ്ടിയുള്ള നീക്കമല്ല – എന്നും രാജ്ഭവന് നൽകിയ മറുപടിയിൽ സർക്കാർ ഗവർണറോട് വ്യക്തമാക്കുന്നു.

ഗവർണർമാർ സാധാരണ ബജറ്റ് സമ്മേളനത്തിൽ അവതരിപ്പിക്കുന്ന നയപ്രഖ്യാപന പ്രസംഗത്തിൽ സർക്കാരുകളുടെ നിലപാടുകളാണ് ഉണ്ടാകാറ്. അത് തയ്യാറാക്കുന്നത് സംസ്ഥാനസർക്കാർ തന്നെയാകും. പിന്നീട് സംസ്ഥാന മന്ത്രിസഭ അംഗീകരിച്ച ശേഷമാകും ഈ നയപ്രഖ്യാപനപ്രസംഗം ഗവർണറുടെ ഓഫീസിന് കൈമാറുക. നയപ്രഖ്യാപനത്തിന്‍റെ പൂർണരൂപം ഗവർണർ വായിക്കണമെന്ന് നിർബന്ധമില്ല. യോജിപ്പില്ലാത്ത ഭാഗങ്ങൾ ഗവർണർക്ക് വായിക്കാതെ വിടാം.

ഇനി നയപ്രഖ്യാപനപ്രസംഗം നടക്കുമ്പോൾ, ഗവർണർ ഈ പൗരത്വ നിയമഭേദഗതിക്ക് എതിരായ പരാമർശം വായിക്കാതെ വിടുമോ, അതോ, ഇങ്ങനെ ചില പരാമർശങ്ങളുണ്ട്, അത് താൻ വായിക്കാതെ വിടുകയാണെന്ന തരത്തിൽ പരാമർശങ്ങൾ നടത്തുമോ, അതോ സ്വന്തമായി പരാമർശങ്ങൾ നടത്തുമോ, പുറത്തിറങ്ങി മാധ്യമപ്രവർത്തകരോട് ഇതിനെതിരായ പരാമർശങ്ങൾ നടത്തുമോ എന്നതാണ് ഇനി കണ്ടറിയേണ്ടത്.

0Shares