ഇത് സദാചാര പോലീസ് വാഴുന്ന നാണം കെട്ട കേരളം. 

  • Post category:news
  • Reading time:1 min read
You are currently viewing ഇത് സദാചാര പോലീസ് വാഴുന്ന നാണം കെട്ട കേരളം. 

 തിരുവനന്തപുരം: സദാചാര ഗുണ്ടായിസം അരങ്ങ് വാഴുമ്പോള്‍ ആണിനും പെണ്ണിനും ഒരുമിച്ചു ഇരിക്കാന്‍ പോലും സാധ്യമല്ലാത്ത സ്ഥലമായി കേരളം മാറിക്കഴിഞ്ഞു. ഒരു ഭാഗത്ത് മലയാളിയുടെ സാക്ഷരത, പ്രബുദ്ധത, സ്‌കാന്ഡിനേവിയന്‍ രാജ്യങ്ങളുടെ ആരോഗ്യ നിലവാരം തുടങ്ങിയവയെക്കുറിച്ച് പറഞ്ഞ് നാം വാചാലരാകുന്നു. മറുഭാഗത്ത് തീവ്രവാദ സംഘടനകള്‍ പിടിമുറുക്കിയ രാജ്യങ്ങളില്‍ സംഭവിക്കുന്നതിനേക്കാള്‍ നാണം കെട്ട സദാചാര പോലീസും പുരോഗമനാത്മകമായ നാടിനു ചേര്‍ന്നതല്ല ഇത്തരത്തിലെ പിന്നോട്ടുള്ള നടത്തം. ആണും പെണ്ണും ഒരുമിച്ചിരുന്നു സംസാരിക്കുമ്പോള്‍ എന്ത് ആകാശമാണ് ഇടിഞ്ഞു വീഴാന്‍ പോകുന്നത് ? എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഫേയ്സ് ബുക്ക് പേജില്‍ ചോദിക്കുമ്പോള്‍ നാണം കെട്ട കേരളത്തിലെ അവസ്ഥ കണ്ട് തലതാഴ്ത്താനേ പറ്റൂ.. ഭരണ തലവന്മാരൊക്കെ എന്തുകൊണ്ടാണ് ഇത്തരം അനീതികള്‍ക്കെതിരെ നടപടികള്‍ കൈകൊള്ളാത്തത്?

സെലിബ്രിറ്റികള്‍ അല്ലാത്തത് കൊണ്ടാണോ? ഒരു ആണും പെണും ഒരുമിച്ച് ഒന്ന് ഇരുന്നാല്‍, സംസാരിച്ചാല്‍ ചുഴ്ന്നു നോക്കുന്ന കണ്ണുകളാകും ചുറ്റും. അത്തരത്തില്‍ ഒരു സദാചാര ഗുണ്ടായിസത്തിന്റെ ഇരയായി മാറേണ്ടി വന്നു പാലക്കാട് കാരറ സ്വദേശി അനീഷിന്. കൊല്ലം അഴീക്കലില്‍ പെണ്‍ സുഹൃത്തിനൊപ്പമിരുന്നതിന് സദാചാര പോലീസ് ചമഞ്ഞ് വന്ന യുവാക്കളുടെ മര്‍ദ്ദനത്തിനിരയകേണ്ടി വന്നതില്‍ മനംനൊന്താണ് അനീഷ് ആത്മഹത്യ ചെയ്തത്.
അനീഷിന്റെയും ഒപ്പമുണ്ടായിരുന്ന യുവതിയുടെയും മൊബൈല്‍ ഫോണുകള്‍ പിടിച്ചുവാങ്ങിയ സംഘം അതിനുള്ളിലെ സിം കാര്‍ഡുകള്‍ വെള്ളത്തിലെറിയുകയും ഇരുവരെയും അപമാനിക്കുന്ന തരത്തില്‍ വീഡിയോ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ കൂടി പ്രചരിപ്പിക്കുകയും ചെയ്ത ഗുണ്ടായിസം.
 
ഈ കേസില്‍ അഴീക്കല്‍ പുതുമണ്ണേല്‍ വീട്ടില്‍ അഭിലാഷ് എന്ന സുഭാഷ് (33), കായംകുളം എരുവ മണലൂര്‍ തറയില്‍ ധനീഷ് (30), അഴീക്കല്‍ മീനത്ത് പുതുവല്‍ വീട്ടില്‍ ബിജു (42) എന്നിവരെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് ഇപ്പോള്‍ അനീഷിന്റെ ആത്മഹത്യ. അപമാനിക്കാന്‍ ഇപ്പോള്‍ നിമിഷ നേരം മാത്രം മതി വലവിരിച്ചിരിക്കുന്ന ചിലന്തി വല പോലുള്ള സോഷ്യല്‍ മീഡിയകള്‍ക്ക്. കണ്ണുതുറന്നു ചിന്തിക്കേണ്ട കാലം ഇപ്പോള്‍ തന്നെ വൈകിപ്പോയി. സദാചാര പോലീസിംഗ് അറബിക്കടലില്‍ എന്ന് വിളിച്ചു പറയാന്‍  ആയിരമായിരം കൈകള്‍ ഒരുമിച്ച് ഉയരട്ടെ…
0Shares