
തിരുവനന്തപുരം: കാര്‍ ഉടമക്ക് ഹെല്‍മറ്റ് ധരിക്കാത്തതിന് പിഴ അടയ്ക്കാന്‍ നോട്ടീസ് അയച്ച് കേരള പോലീസ്. തിരുവനന്തപുരം കുടപ്പനക്കുന്നില്‍ അഡ്വ. സുഹാസ് ബാലചന്ദ്രനാണ് ഹെല്‍മെറ്റ് ധരിക്കാത്തതിന് പിഴ അടയ്ക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് പോലീസ് നോട്ടീസ് അയച്ചിരിക്കുന്നത്. ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നവരെ കുറിച്ചുള്ള വിവരങ്ങള്‍ പോലീസിനെ അറിയിക്കാനുള്ള വാട്‌സാപ്പ് ഹെല്‍പ് ലൈനില്‍ വന്ന സന്ദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.

കെ.എല്‍ 01 ബികെ 462 നമ്പരിലുള്ള ടൂ വീലര്‍ നവംമ്പര്‍ 27ന് പാറ്റൂരില്‍ വച്ച് ഹെല്‍മറ്റ് ധരിച്ചില്ലെന്ന കാരണത്താല്‍ നിയമ ലംഘനം നടത്തിയെന്നും അതിനാല്‍ പിഴയടക്കണമെന്നുമായിരുന്നു നോട്ടീസില്‍ പറഞ്ഞിരുന്നത്. എന്നാല്‍ നോട്ടീസില്‍ പറഞ്ഞ നമ്പറിലുള്ളത് തന്റെ വാഹനം തന്നെ ആണ് എങ്കിലും അതൊരു ടൂ വീലര്‍ ആയിരുന്നില്ല, കാര്‍ ആയിരുന്നു എന്ന് സുഹാസ് വ്യക്തമാക്കിയതോടെയാണ് പോലീസിന്റെ അനാസ്ഥ പുറത്തുവന്നത്.
വാട്ട്‌സ്ആപ്പ് ഹെല്‍പ് ലൈനില്‍ വന്ന സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നോട്ടീസ് അയച്ചതെന്ന പോലീസിന്റെ വാദം ശരിയാണെങ്കില്‍ കൂടി, അത്തരത്തില്‍ ലഭിക്കുന്ന സന്ദേശങ്ങളില്‍ പറയുന്ന വാഹനങ്ങളുടെ വിവരങ്ങള്‍ പോലും അന്വേഷിച്ചു നോക്കാതെയാണ് പോലീസ് നടപടിയെടുക്കാന്‍ ഇറങ്ങുന്നതെന്നാണ് ഈ സംഭവം വ്യക്തമാക്കുന്നത്.
