കൊളറാഡോ (യു.എസ്): അമേരിക്കയിലെ കൊളറാഡോയിലെ കുടുംബം പുറത്ത് പോയ ശേഷം മടങ്ങിയെത്തിയപ്പോഴാണ് ആ കാഴ്ച കണ്ടത്. അടുക്കും ചിട്ടയോടെയുമിരുന്ന അടുക്കള ആകെ അലങ്കോലമായി കിടക്കുന്നു. കള്ളന്മാര്‍ കയറി മോഷണം നടത്തിയെന്നാണ് ആദ്യം കരുതിയത്. ഉടന്‍ തന്നെ പോലീസില്‍ വിവരം അറിയിച്ചു. പോലീസെത്തി നടത്തിയ പരിശോധനയില്‍ കുറ്റവാളിയെ കണ്ടെത്തി. പക്ഷെ, അത് മനുഷ്യനായിരുന്നില്ല. മറിച്ച് വലിയൊരു കരടിക്കുട്ടനായിരുന്നു.

കള്ളന്‍ അടുക്കളയില്‍ കയറിയത് എന്തിനാണെന്ന് വീട്ടുകാര്‍ ആലോചിച്ചിരിക്കെയാണ് വീട്ടിലെ സുരക്ഷാ ക്യാമറകള്‍ പോലീസ് പരിശോധിച്ചത്. അതുകണ്ട പോലീസ് ആദ്യം അമ്പരന്നു, പിന്നെ അമ്പരപ്പ് ചിരിക്ക് വഴിമാറി. കാരണം മറ്റൊന്നുമല്ല, കരടിയാശാന്‍ വീട്ടിലെ സ്വീകരണ മുറിയിലിരുന്ന് പിയാനോ വായിക്കുന്നതാണ് ദൃശ്യങ്ങളില്‍ കണ്ടത്. പിന്നീട് വീടിനകത്തെ എല്ലാ മുറികളിലും അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നതും ക്യാമറാ ദൃശ്യങ്ങളില്‍ കാണാം. എല്ലാം കഴിഞ്ഞ് കക്ഷി ഒന്നും അറിയാത്തതു പോലെ സ്ഥലം വിടുകയും ചെയ്തു. അടുക്കള ഭാഗത്തെ തുറന്ന് കിടന്ന ജനലിലൂടെയാണ് കരടി വീടിന് അകത്ത് കയറിയത്.