
മുംബൈ: മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെകൊലപാതകത്തിൽ രാജ്യവ്യാപകമായി പ്രതിഷേധം പടരുന്നതിനിടെ രൂക്ഷമായ പ്രതികരണവുമായി സംഗീത സംവിധായകന്‍ എ. ആര്‍ റഹ്മാൻ. ഇത്തരം കൊലപാതകങ്ങള്‍ ഇന്ത്യയിലുണ്ടായിരുന്നില്ല. ഇത് എന്റെ ഇന്ത്യയല്ല. ഞാന്‍ ആഗ്രഹിക്കുന്ന ഇന്ത്യ പുരോഗമന പരവും ദയാപൂര്‍ണവുമാണ്-റഹ്മാന്‍ പറയുന്നു. ഗൗരിയുടെ കൊലപാതകത്തില്‍ അതീവ ദുഖമുണ്ടെന്നും റഹ്മാന്‍ തന്റെ പ്രതികരണത്തിൽ കൂട്ടിച്ചേർത്തു.

ഗോവിന്ദ് പന്‍സാരെ, നരേന്ദ്ര ധാബോല്‍ക്കര്‍ എന്നിവരെ വധിക്കാന്‍ ഉപയോഗിച്ചതരം വെടിയുണ്ടകളാണ് കല്‍ബുര്‍ഗിയെ കൊല്ലാനും ഉപയോഗിച്ചതെന്ന് 2016 ജൂലൈയില്‍ കര്‍ണാടക പൊലീസ് വ്യക്തമാക്കിയിരുന്നു. ഇപ്പോൾ, കല്‍ബുര്‍ഗിയുടെ വധവും പത്രപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ വധവും തമ്മിലുള്ള സാമ്യവും വ്യത്യാസങ്ങളും പോലീസ് പരിശോധിച്ചു. കല്‍ബുര്‍ഗിയെ വധിക്കാന്‍ ഉപയോഗിച്ച വെടിയുണ്ടയുടെ അതേ അളവും ശേഷിയുമുള്ള വെടിയുണ്ടയാണ് ഗൗരി ലങ്കേഷിന്റെ നെഞ്ചിലും വാരിയെല്ലിലും തുളച്ചുകയറിയതെന്ന് ഐ. ജി ബി കെ സിങ്ങിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷകസംഘം കണ്ടെത്തി.
