യുക്രൈന്‍: ലോകത്തില്‍ ഇവളെപ്പോലെ ഇവള്‍ മാത്രമേ ഉണ്ടാകുകയുള്ളൂ. നീണ്ട് കൊലുന്നനെയുള്ള സുന്ദരികള്‍ റാംപിലൂടെ ക്യാറ്റ് വാക്ക് നടത്തുമ്പോള്‍ ഒരു പക്ഷേ നമ്മളും ആഗ്രഹിക്കും എന്നെങ്കിലുമൊരുനാള്‍ അവരെപ്പോലെ റാംപുകള്‍ കീഴടക്കാന്‍ സാധിച്ചിരുന്നെങ്കിലെന്ന്. എന്നാല്‍ എല്ലാവര്‍ക്കും മാതൃകയാക്കാന്‍ പറ്റിയ ഒരുവളാണ് ഇവള്‍. ജനന സമയത്ത് ഡോക്ടര്‍മാര്‍ക്ക് പറ്റിയ ഒരു കൈയ്യബദ്ധം ഇവളെ സെറിബ്രള്‍ പാള്‍സി എന്ന രോഗിയാക്കി. ഒരിക്കലും നടക്കാന്‍ സാധിക്കില്ലെന്നറിഞ്ഞിട്ടും അവള്‍ ആഗ്രഹിച്ചത് മോഡലാകാന്‍. വീല്‍ചെയറിലിരുന്ന് കൊണ്ട് തന്നെ ഇവള്‍ തന്റെ സ്വപ്നത്തെ കൈപിടിയിലൊതുക്കി. എന്തിനും ഏതിനും മാതാപിതാക്കള്‍ കൂടെയുണ്ടെങ്കില്‍ പ്രപഞ്ചം തന്നെ കീഴടക്കാമെന്ന് ഇവള്‍ ലോകത്തോട് വിളിച്ചു പറഞ്ഞു.

2012 ലെ ഒരു ഉച്ച നേരത്ത് കഫേയില്‍ നിന്ന് ആഹാരം കഴിച്ച് കൊണ്ടിരിക്കെ മോഡലാകാന്‍ താല്‍പര്യമുണ്ടോയെന്ന ഒരു ഫോട്ടോഗ്രാഫറുടെ ചോദ്യമാണ് ഇവളുടെ സ്വപ്‌ന സാക്ഷാത്കാരത്തിലേക്കുള്ള ചവിട്ടുപടിയായത്. ഫോട്ടോകളിലൂടെയായിരുന്നു റാംപിലേക്കുള്ള ഇവളുടെ അരങ്ങേറ്റം. പതിയെ ഇവളെ ലോകം അറിഞ്ഞു തുടങ്ങി. ഫാഷന്‍ ഡിസൈനറായ ഫെദിര്‍ വോസിയാനോവിലൂടെ ഇവള്‍ റാംപിലെത്തി. മറ്റുള്ളവരെ കടത്തിവെട്ടുന്ന സൗന്ദര്യവും അതിനെക്കാള്‍ കൂടുതല്‍ ആത്മവിശ്വാസവും ഇവള്‍ക്ക് കൈത്താങ്ങായി. അംഗപരിമിതി സ്വപ്‌നങ്ങള്‍ക്ക് വിലങ്ങ് തടിയല്ലെന്ന് വിളിച്ച് പറഞ്ഞ് കൊണ്ട് ഇവള്‍ റാംപുകള്‍ കീഴടക്കി. വനിതാദിനത്തില്‍ ലോകത്തിലെ സ്ത്രീകള്‍ക്ക് മാതൃകയാക്കാം യുക്രൈന്‍ സ്വദേശിയായ ഈ 23 കാരി അലക്‌സാന്‍ഡ്രിയ കുടാസിനെ.