ഇതാ ഞങ്ങള്‍ പറഞ്ഞ കോടീശ്വരന്‍; ഓണം ബംപര്‍ 10 കോടി കിട്ടിയത് പരപ്പനങ്ങാടി മൂട്ടക്കരമ്മല്‍ മുസ്തഫയ്ക്ക്

  • Post category:news
  • Reading time:2 mins read
You are currently viewing ഇതാ ഞങ്ങള്‍ പറഞ്ഞ കോടീശ്വരന്‍; ഓണം ബംപര്‍ 10 കോടി കിട്ടിയത് പരപ്പനങ്ങാടി മൂട്ടക്കരമ്മല്‍ മുസ്തഫയ്ക്ക്

മലപ്പുറം: അഭ്യൂഹങ്ങള്‍ വ്യാപകമായി പരക്കുന്നതിനിടയില്‍ യഥാര്‍ഥ കോടീശ്വരനെ കണ്ടെത്തി. സംസ്ഥാന സര്‍ക്കാരിന്റെ ഓണം ബംപര്‍ 10 കോടി കിട്ടിയത് പരപ്പനങ്ങാടി മൂട്ടക്കരമ്മല്‍ മുസ്തഫ(48)യ്ക്ക്. എ.ജെ 442876 എന്ന ടിക്കറ്റിനാണ് ലഭിച്ചത്. സംസ്ഥാന ഭാഗ്യക്കുറിയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയാണിത്. ഒന്നാം സമ്മാനം തനിക്കാണെന്ന വിവരം വെള്ളിയാഴ്ച തന്നെ അറിഞ്ഞിരുന്നുവെങ്കിലും ആരോടും പറയാതെ വിവരം രഹസ്യമാക്കി വച്ചിരിക്കുകയായിരുന്നു. അത് കൊണ്ട് തന്നെ അപ്രതീക്ഷിതമായി ബംപര്‍ സമ്മാനം ലഭിച്ചപ്പോള്‍ അത് ഉള്‍ക്കൊള്ളാന്‍ സാധിക്കാതെ നില്‍ക്കുകയാണ് മുസ്തഫ.സമ്മാനര്‍ഹമായ ടിക്കറ്റ് പരപ്പനങ്ങാടി ഫെഡറല്‍ ബാങ്ക് ശാഖയില്‍ ഏല്‍പിച്ചു. ശനിയാഴ്ച ഉച്ചയ്ക്കുശേഷമാണ് ഭാഗ്യം കടാക്ഷിച്ച ടിക്കറ്റുമായി മുസ്തഫ ബാങ്കിലെത്തിയത്. തേങ്ങാ കച്ചവടക്കാരനായിരുന്ന ഉപ്പയുടെ കൂടെ വാഹനം ഓടിക്കുകയാണ് മുസ്തഫയുടെ ജോലി. പ്രവാസിയായിരുന്ന മുസ്തഫ നാല് വര്‍ഷം മുന്‍പാണ് നാട്ടില്‍ തിരിച്ചെത്തിയത്. സ്വന്തമായി തേങ്ങാ കച്ചവടം നടത്തി ജീവിതം മെച്ചപ്പെടുത്താനുള്ള ശ്രമത്തിനിടയിലാണ് ഭാഗ്യം കടാക്ഷിച്ചത്. സംസ്ഥാന ലോട്ടറിയുടെ ചരിത്രത്തിലെ ഏറ്റവും വിലകൂടിയ ടിക്കറ്റും ഏറ്റവും വിലമതിപ്പുള്ള സമ്മാനവുമായിരുന്നു ഇത്തവണത്തെ ഓണം ബംപറിന്റെ പ്രത്യേകത. ഒരു ലോട്ടറിക്ക് 250 രൂപയായിരുന്നു വില. ഒന്നാം സമ്മാനമാകട്ടെ, 10 കോടി രൂപയും. 30 ശതമാനം നികുതിയും പത്തുശതമാനം കമ്മിഷനും കഴിച്ച് ഏകദേശം ആറുകോടിയോളം രൂപ മുസ്തഫയ്ക്കു ലഭിക്കും. ഭാര്യയും നാലു കുട്ടികളുമുണ്ട്. തിരൂരിലെ കെ.എസ് ഏജന്‍സിയില്‍നിന്ന് പരപ്പനങ്ങാടിയിലെ ഐശ്വര്യ സബ് എജന്‍സി വാങ്ങിയ ഈ ലോട്ടറി കൊട്ടന്തല പൂച്ചേങ്ങല്‍കുന്നത്ത് ഖാലിദാണ് വിറ്റത്. സമ്മാനത്തുകയായ 10 കോടി രൂപയില്‍ ഏജന്‍സി കമ്മിഷനായി ഒരു കോടി രൂപ ഖാലിദിന് ലഭിക്കും. അതില്‍നിന്ന് 10 ലക്ഷം രൂപ നികുതി കിഴിച്ച് ബാക്കി വില്‍പനക്കാരനുള്ളതാണ്. നറുക്കെടുപ്പ് കഴിഞ്ഞതു മുതല്‍ ‘ഇതാണു ഞങ്ങള്‍ പറഞ്ഞ കോടീശ്വരന്‍’ എന്ന അടിക്കുറിപ്പോടെ പലരുടെയും ചിത്രം സസമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നെങ്കിലും യഥാര്‍ഥ കോടീശ്വരന്‍ ഇപ്പോഴാണ് വെളിച്ചത്തു വരുന്നത്. ഫലപ്രഖ്യാപനം വന്നതിനെതുടര്‍ന്ന് മധുരം വിതരണം ചെയ്തും വാദ്യമേളങ്ങള്‍ ഒരുക്കിയും തിരൂരിലും ഏജന്‍സിയും ആഹ്ലാദം കൊഴുപ്പിച്ചിരുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഭാഗ്യവാനെ കണ്ടെത്തിയെന്ന നിലയില്‍ വ്യാജവാര്‍ത്തകള്‍ പരന്നു. സോഷ്യല്‍ മീഡിയയിലും വ്യാപകപ്രചരണമാണ് നടന്നത്. ഒഴൂര്‍ സ്വദേശി സോമന്‍ എന്നയാളുടെ പേരിലും പ്രചരണങ്ങള്‍ ശക്തമായി. സോഷ്യല്‍ മീഡിയ പ്രചരണത്തിലൂടെ ഇയാളെ കോടിപതിയാക്കുകയായിരുന്നു. ഇയാള്‍ ഒണം ബംപര്‍ ടിക്കറ്റ് എടുത്തിരുന്ന് പോലുമില്ല. ഇതിനിടേയാണ് യഥാര്‍ഥ കോടീശ്വരം രംഗത്ത് എത്തിയത്.

 

0Shares