
തങ്ങള്‍ വെറും സാന്നിധ്യം മാത്രമല്ല യൂറോപ്പ്യന്‍ തെരഞ്ഞെടുപ്പില്‍ ശക്തിയായ സ്വാധീനം ചെലുത്താന്‍ ശേഷിയുള്ള വിഭാഗമാണ് മലയാളികള്‍ എന്ന് തെളിയിക്കുകയാണ് ഐലീഷ് റയാന്‍ എന്ന ഐറീഷ് സ്ഥാനാര്‍ത്ഥിയുടെ മലയാളത്തിലുള്ള തെരഞ്ഞെടുപ്പ് പോസ്റ്റര്‍. അയര്‍ലന്‍ഡിലെ ഡബ്ലിനില്‍ നിന്ന് ‘വര്‍ക്കേഴ്‌സ് പാര്‍ട്ടി’ പ്രതിനിധിയായായാണ് ഐലീഷ് റയാന്‍ യുറോപ്യന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. താന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യം ഫേസ്ബുക്കിലൂടെ മലയാള ഭാഷയില്‍ അറിയിച്ച അവര്‍, തനിക്ക് വോട്ട് ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്ന മലയാളത്തിലുള്ള പോസ്റ്ററും ഷെയര്‍ ചെയ്തിട്ടുണ്ട്.

ജനങ്ങള്‍ എല്ലാവരും വോട്ടവകാശം വിനിയോഗിക്കാനുള്ള അവകാശത്തിനായി രജിസ്റ്റട്രേഷന്‍ ഉറപ്പുവരുത്തണമെന്ന് നിര്‍ദേശിച്ച ഐലീഷ് തനിക്കുവേണ്ടി പോസ്റ്റര്‍ തയ്യാറാക്കിയ സുഹൃത്തുക്കള്‍ക്ക് നന്ദിയും രേഖപ്പെടുത്തി.
ജയിച്ചാല്‍ രാജ്യത്ത് ചെയ്യാന്‍ ലക്ഷ്യമിടുന്ന കാര്യങ്ങള്‍ ഐലീഷ്, പോസ്റ്ററില്‍ വ്യക്തമാക്കുന്നുണ്ട്. തൊഴിലാളികളുടെ അവകാശം സംരക്ഷിക്കാന്‍ നിലക്കൊള്ളുമെന്ന് അറിയിച്ച അവര്‍ പൊതുമേഖലയെ സ്വകാര്യവത്ക്കരിക്കുന്നത് തടയുമെന്ന് പറയുന്നു. യുറോപ്പില്‍ വര്‍ദ്ധിച്ചുവരുന്ന സൈനികവല്‍ക്കരണത്തിനെതിരെ തന്റെ നിലപാട് ഉയര്‍ത്തിപ്പിടിക്കുന്നതിനാണ് താന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതെന്ന് അവര്‍ വ്യക്തമാക്കി.
ശരിയായ രീതിയില്‍ കാല താമസമില്ലാതെ വിസയും മറ്റ് സേവനങ്ങളും ലഭ്യമാക്കുക, ന്യായമായ ഭവനതാമസ സൗകര്യങ്ങളടക്കം ചൂഷണ രഹിതമായ ഒരു ജീവിതം നയിക്കുന്നതിന് പ്രവാസികള്‍ക്ക് വേണ്ടി ഡബ്ലിനില്‍ നാളിതുവരേയും നടത്തി വന്ന പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും അവര്‍ പോസ്റ്ററില്‍ ഉറപ്പുനല്‍കിയിട്ടുണ്ട്.
https://www.facebook.com/cllreilisryan/posts/2591460224261018
