ഇടുക്കി ഡാം; 2397 അടി പിന്നിട്ടാല്‍ ട്രയല്‍റണ്‍

  • Post category:news
  • Reading time:1 min read
You are currently viewing ഇടുക്കി ഡാം; 2397 അടി പിന്നിട്ടാല്‍ ട്രയല്‍റണ്‍

ഇടുക്കി: ഇടയ്ക്കിടെ ഉണ്ടാകുന്ന ശക്തിപ്പെട്ടും കുറഞ്ഞതുമായ മഴയില്‍ ഇടുക്കി സംഭരണിയില്‍ ജലനിരപ്പ് ക്രമാനുഗതമായി ഉയരുകയാണ്. എന്നാല്‍, കഴിഞ്ഞ ദിവസങ്ങളിലെ നീരൊഴുക്ക് എത്തുന്നില്ല. 17 മണിക്കൂറുകൊണ്ട് അര അടി മാത്രമാണ് ഉയര്‍ന്നത്. ചൊവ്വാഴ്ച രാത്രിയോടെ ജലനിരപ്പ് 2395.7 അടിയിലെത്തി. രാവിലെ ഏഴിന് 2395.28 ആയിരുന്നു. നിലവിലെ ജലമൊഴുക്ക് കണക്കാക്കി ജലനിരപ്പ് 2397 പിന്നിട്ടാല്‍ ട്രയല്‍റണ്‍ നടത്താന്‍ ആലോചിക്കുന്നു. അതിനുശേഷമേ തുറക്കൂ. അടിയന്തര ഘട്ടത്തില്‍ ചെറുതോണി ഷട്ടര്‍ തുറക്കാന്‍ ഭരണകേന്ദ്രവും സര്‍വ സജ്ജമായിട്ടുണ്ട്. മാത്യു ടി തോമസ് ഇടുക്കി കലക്ടറേറ്റിലെത്തി ഉദ്യോഗസ്ഥരുമായി ചര്‍ച്ചചെയ്ത് സ്ഥിതിഗതികള്‍ വിലയിരുത്തി. മന്ത്രി എം എം മണിയും മുഖ്യമന്ത്രിയുടെ ഓഫീസും സൂക്ഷ്മമായി നിരീക്ഷിച്ച് ആവശ്യമായ നിര്‍ദേശങ്ങളും മുന്നൊരുക്കങ്ങളും നടത്തിവരുന്നു. ഡാം സൈറ്റില്‍തന്നെ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. ജലനിരപ്പ് 2398ലോ 2399ലോ എത്തിയാലേ തുറക്കാനുള്ള സാഹചര്യം നിലവിലുള്ളൂവെന്ന നിഗമനത്തിലാണ് കെഎസ്ഇബിയും ജില്ലാ ഭരണകേന്ദ്രവും. ഒറ്റയടിക്ക് ഡാം തുറക്കില്ലെന്ന് മന്ത്രി എം എം മണി അറിയിച്ചിട്ടുണ്ട്. സംഭരണശേഷി 2403 ആണ്. സംഭരണശേഷിയുടെ 91.06 ശതമാനത്തിലെത്തി. ചൊവ്വാഴ്ച 36.6 മി. മീറ്റര്‍ മഴ രേഖപ്പെടുത്തി. മൂലമറ്റത്ത് അഞ്ച് ജനറേറ്ററുകളില്‍നിന്നും 15.051 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നുണ്ട്. ഷട്ടര്‍ തുറക്കാന്‍ തീരുമാനിച്ചിട്ടുള്ള ചെറുതോണി ഡാം ഗേയ്റ്റില്‍തന്നെയാണ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചത്. ജലനിരപ്പ് 2395 പിന്നിട്ട് അതിജാഗ്രതാ നിര്‍ദേശം നല്‍കിയശേഷം ഓരോമണിക്കൂര്‍ ഇടവിട്ട് ജലനിരപ്പ് നോക്കുന്ന ചുമതലയും കണ്‍ട്രോള്‍ റൂമിനാണ്. അടിയന്തര സാഹചര്യം ഉണ്ടായാല്‍ ആശങ്കകള്‍ക്ക് ഇടനല്‍കാതെ ട്രയല്‍റണ്‍ നടത്തി തുറക്കാനുള്ള എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായി. മാറ്റിപാര്‍പ്പിക്കേണ്ട അഞ്ച് പഞ്ചായത്ത് പരിധിയില്‍ താമസിക്കുന്ന 58 കുടുംബങ്ങള്‍ക്കായി നാല് സെന്ററുകള്‍ തയ്യാറായി. ചിലയാളുകള്‍ ഇതിനകം താമസം മാറ്റി. 36 അംഗ ദുരന്തനിവാരണ സേനയെ വിന്യസിച്ചിട്ടുണ്ട്. ചെറുതോണി ഷട്ടര്‍ തുറന്നാല്‍ 10 മിനിറ്റിനകം വെള്ളമെത്തുന്നടൗണിന് സമീപത്തെ തോട് വൃത്തിയാക്കല്‍ പൂര്‍ത്തിയായി. നിലവിലുള്ള നീര്‍ച്ചാലിലെ മാലിന്യങ്ങളും തടസ്സങ്ങളും നീക്കി. ആഴവും വര്‍ധിപ്പിച്ചു. ജില്ലയില്‍ സ്വീകരിച്ചിട്ടുള്ള നടപടികളും ക്രമീകരണങ്ങളും വിലയിരുത്താന്‍ കലക്ടറേറ്റില്‍ ഉന്നത ഉദ്യോഗസ്ഥരുടെ യോഗംചേര്‍ന്നു. ഒരാശങ്കയ്ക്കും വകയില്ലെന്നും ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും കലക്ടര്‍ നിര്‍ദേശിച്ചു.

0Shares