
ശാന്തന്‍പാറ കൊലപാതകത്തില്‍ കുറ്റം സമ്മതിച്ച് റിസോര്‍ട്ട് മാനേജറുടെ വീഡിയോ പുറത്ത്. റിജോഷിനെ കൊന്നത് താനാണെന്നും മറ്റാര്‍ക്കും കൊലപാതകത്തില്‍ പങ്കില്ലെന്നും വസിം പറയുന്നു. വസിം സഹോദരന് അയച്ച വീഡിയോ പോലീസിന് കൈമാറി.
ഇടുക്കി ശാന്തന്‍പാറയില്‍ ഒരാഴ്ച മുമ്പ് കാണാതായ യുവാവിന്‍റെ മൃതേദഹം സ്വകാര്യ റിസോര്‍ട്ടില്‍ കുഴിച്ചുമൂടിയ നിലയിലാണ് കണ്ടെത്തിയത്. ശാന്തന്‍പാറ സ്വദേശി റിജോഷാണ് മരിച്ചത്. ഇയാളുടെ ഭാര്യയും റിസോര്‍ട്ട് മാനേജറായ കാമുകനും ചേര്‍ന്നാണ് കൊലനടത്തിയതെന്നാണ് പോലീസ് സംശയിക്കുന്നത്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് റിജോഷിനെ കാണാതായത്. എറണാകുളത്തേക്കെന്ന് പറഞ്ഞ് പോയ ഭര്‍ത്താവ് തിരിച്ചുവന്നില്ലെന്നാണ് ഭാര്യ ലിജി പോലീസിനോടും ബന്ധുക്കളോടും പറഞ്ഞത്. എന്നാല്‍ തിങ്കളാഴ്ച ലിജിയേയും ഇവരുടെ വീടിന് സമീപമുള്ള സ്വകാര്യ റിസോര്‍ട്ടിലെ മാനേജറായ വസീമിനേയും കാണാതായതോടെ ബന്ധുക്കള്‍ക്ക് സംശയമായി.
ഇവരുടെ പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് സ്വകാര്യ റിസോര്‍ട്ടിലെ ഫാമിനടുത്തായി കുഴിയെടുത്തതായി കണ്ടത്. ഇത് കുഴിച്ചുനോക്കിയപ്പോള്‍ ചാക്കില്‍കെട്ടിയ നിലയില്‍ റിജോഷിന്‍റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹം പാതി കത്തിച്ചശേഷമാണ് കുഴിച്ചിട്ടത്. പുറത്തെടുത്ത മൃതദേഹം ഇന്‍ക്വസ്റ്റിന് ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
