ഇടുക്കിയില്‍ അനധികൃത ഭൂമി കയ്യേറ്റം: കയ്യേറ്റക്കാരെ സഹായിക്കുന്നത് അധികൃതരോ.

  • Post category:news
  • Reading time:1 min read
You are currently viewing ഇടുക്കിയില്‍ അനധികൃത ഭൂമി കയ്യേറ്റം: കയ്യേറ്റക്കാരെ സഹായിക്കുന്നത് അധികൃതരോ.

തിരുവനന്തപുരം,ഇടുക്കി: ഇടുക്കിയില്‍ പട്ടയ ഭൂമിയിലും സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമിയിലും നിയമ വിരുദ്ധമായി ക്വാറി പ്രവര്‍ത്തിക്കുന്നുവെന്ന് ദേവികുളം സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്റെ റിപ്പോര്‍ട്ട്. ഇടുക്കിയിലെ ക്വാറി ഉടമ സജി ഉലഹന്നാന് 2013 ജനുവരി മുതല്‍ 2016 വരെ ഏഴ് പെര്‍മിറ്റുകളാണ് കരിങ്കല്‍ ഖനനത്തിനായി നല്‍കിയിട്ടുള്ളത്. പിണാറായി സര്‍ക്കാരാണ് ഇതില്‍ ഏഴാമത്തെ പെര്‍മിറ്റ് നല്‍കിയിട്ടുള്ളത്. നാലെണ്ണം സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമിയിലും ബാക്കിയുള്ള മൂന്നെണ്ണം പട്ടയ ഭൂമിയിലുമാണ് എന്നാണ് ഇടുക്കി ജില്ലാ കളക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. കൊന്നത്തടിവില്ലേജില്‍ പ്രത്യേക സര്‍വേസംഘം പരിശോധന നടത്തി തയാറാക്കിയ റിപ്പോര്‍ട്ട് അനുസരിച്ച് സര്‍ക്കാര്‍ പുറമ്പോക്കില്‍നിന്ന് 74,400 ക്യുബിക് മീറ്റര്‍ കരിങ്കല്ലും പട്ടയ ഭൂമിയില്‍നിന്ന് 4000 ക്യുബിക് മീറ്റര്‍ കരിങ്കല്ലും അധികമായി ഖനനം ചെയ്തിട്ടുണ്ട് എന്ന് കണ്ടെത്തിയിരുന്നു.

അനധികൃത ഖനനം വഴി സര്‍ക്കാറിന് നഷ്ടമായ തുകയും മൈന്‍സ് ആന്‍ഡ് മിനറല്‍ കണ്‍സഷന്‍ ചട്ടപ്രകാരം റോയല്‍റ്റി, പിഴ, പാറവില എന്നിവയും 1957ലെ ഭൂസംരക്ഷണനിയമം അനുസരിച്ച് നഷ്ടപരിഹാരവും ഈടാക്കണം. മൈന്‍സ് ആന്‍ഡ് മിനറല്‍ നിയമചട്ടമനുസരിച്ച് രണ്ടുവര്‍ഷം തടവും അഞ്ചുലക്ഷം പിഴയും അടക്കേണ്ട കുറ്റമാണിത്. 1993 ല്‍ പ്രത്യേക ഭൂമി പതിവ് ചട്ടപ്രകാരം ലഭിച്ച പട്ടയമാണ് ക്രഷര്‍ യൂണിറ്റ് സ്ഥാപിച്ചിട്ടുള്ള ഭൂമിക്ക്. റിസര്‍വേ ഫെയര്‍ലാന്‍ഡ് രജിസ്റ്ററില്‍ ‘നിലം’ എന്ന് രേഖപ്പെടുത്തിയ ഈ വസ്തുവിന് പട്ടയം അനുവദിക്കുമ്പോള്‍ റവന്യൂ ഉദ്യോഗസ്ഥര്‍ ‘പുരയിടം’ എന്നാക്കുകയും ചെയ്തിരുന്നു. ഈ സ്ഥലം നികത്തിയതോടെ നെല്‍വയല്‍ നീര്‍ത്തട സംരക്ഷണനിയമത്തിന്റെ ലംഘനമാവുകയും ചെയ്തു. മാത്രമല്ല ഈ ഭൂമി ഇന്ന് വാണിജ്യ ആവശ്യത്തിന് ഉപയോഗിക്കുന്നുണ്ട് എന്നും മനസ്സിലാക്കിയിരുന്നു. ക്രമ വിരുദ്ധമായി നല്‍കിയിട്ടുള്ള പട്ടയം റദ്ദാക്കാനും നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമമനുസരിച്ച് കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും കളക്ടര്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നുണ്ട്.

0Shares