ഇടുക്കി: യു.ഡി.എഫ് സര്‍ക്കാരിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമായ ഉപാധിരഹിത പട്ടയ വിതരണത്തിന്റെ ഉദ്ഘാടനം കട്ടപ്പനയില്‍ മെയ് 21 ന് മുഖ്യമന്ത്രി പിണാറായി വിജയന്‍ നിര്‍വ്വഹിക്കും. 1977 ജനുവരി 1 ന് മുമ്പ് കുടിയേറിയ ഇടുക്കിയിലെ മുഴുവന്‍ കര്‍ഷകര്‍ക്കും ഉപാധിരഹിത പട്ടയം നല്‍കുമെന്നാണ് എല്‍.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനം. ഇതോടെ നാല് പതീറ്റാണ്ടുകളോളമായുള്ള ഇടുക്കിയിലെ കര്‍ഷകരുടെ സ്വപ്‌നമാണ് സഫലമാകുന്നത്. 1964ലെ കേരള ഭൂമി പതിവു നിയമപ്രകാരമുള്ള ഭൂമി, 1993ലെ സ്‌പെഷ്യല്‍ നിയമപ്രകാരമുള്ള ഭൂമി, ഹൈറേഞ്ച് കോളനിവല്‍ക്കരണ നിയമപ്രകാരമുള്ള ഭൂമി എന്നിവയ്ക്കാണ് ഇപ്പോള്‍ പട്ടയം നല്‍കുന്നത്. 2010 വരെ അപേക്ഷിച്ച് ലാന്റ് രജിസ്റ്ററില്‍ ഉള്‍പ്പെട്ടിട്ടുള്ള പതിനായിരത്തോളം പേര്‍ക്കാണ് ഇപ്പോള്‍ ഉപാധിരഹിത പട്ടയം ലഭിക്കുന്നത്. കര്‍ഷകര്‍ക്ക് പട്ടയ ഭൂമി കൈമാറ്റം നടത്താനും ബാങ്കുകളില്‍ നിന്ന് വായ്പ എടുക്കാനും പറ്റുന്ന തരത്തിലുള്ള പട്ടയമാണ് റവന്യു വകുപ്പ് വിതരണം ചെയ്യുന്നത്.
ഇടുക്കിയിലെ നെടുങ്കണ്ടം ഭൂപതിവ് ഓഫീസിന്റെ കീഴിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് പട്ടയം വിതരണം ചെയ്യുന്നത്. ഇവിടെ 2500 പേര്‍ക്ക് മെയ് 21ലെ പട്ടയമേളയില്‍ വച്ച് പട്ടയങ്ങള്‍ വിതരണം ചെയ്യും. മുരിക്കാശ്ശേരി 500, രാജകുമാരി 1750, കട്ടപ്പന 1500, ഇടുക്കി 1000, കരിമണ്ണൂര്‍ 350, പീരുമേട് 400 എന്നിങ്ങനെയാണ് മറ്റ് ഓഫീസുകളില്‍ നിന്നും വിതരണത്തിനായി തയ്യാറായിട്ടുള്ള പട്ടയങ്ങളുടെ എണ്ണം. ദേവികുളം താലൂക്കിലെ പട്ടയ വിതരണത്തിനുള്ള നടപടികള്‍ അതിവേഗം പുരോഗമിച്ച് വരികയാണ്. 1500ഓളം അപേക്ഷകളാണ് ഇതുവരെ ദേവികുളം താലൂക്കില്‍ പട്ടയത്തിനായി ലഭിച്ചിട്ടുള്ളത്. കെ.ഡി.എച്ച്, മാങ്കുളം വില്ലേജുകളിലെ പട്ടയ വിതരണത്തിനുള്ള തടസ്സങ്ങളും റവന്യു വകുപ്പ് നീക്കികഴിഞ്ഞു. അഞ്ച് വര്‍ഷം കൊണ്ട് ജില്ലയിലെ മുഴുവന്‍ പേര്‍ക്കും പട്ടയം നല്‍കാനാണ് സര്‍ക്കാറിന്റെ തീരുമാനം.