‘ഇടിമുറി’കള്‍ ഇനിമേല്‍ ‘ഇ-മുറികള്‍’;കാലം മാറുമ്പോള്‍ പോലീസും മാറുന്നു!.

  • Post category:news
  • Reading time:1 min read
You are currently viewing ‘ഇടിമുറി’കള്‍ ഇനിമേല്‍ ‘ഇ-മുറികള്‍’;കാലം മാറുമ്പോള്‍ പോലീസും മാറുന്നു!.


തിരുവനന്തപുരം: കേരളത്തിലെ പോലിസ് സ്‌റ്റേഷനുകളിലെ അടിമുറിയും ഇടിമുറിയും പോയ് മറയുന്നു. കാലത്തിനൊത്ത് പോലീസ് സംവിധാനത്തിന്റെ മുഖച്ഛായ മാറുകയാണ്. വരും കാലത്ത് ശാസ്ത്ര സാങ്കേതിക രംഗത്തെ നേട്ടങ്ങളും മികവുകളും പ്രയോജനപ്പെടുത്തിക്കൊണ്ട് പോലീസ് സേനയില്‍ പരിഷ്‌ക്കരണം നടത്താനാണ് ഇടതു മുന്നണി സര്‍ക്കാരിന്റെ തീരുമാനം. കാലഹരണപ്പെട്ടതും അശാസ്ത്രീയവുമായ മര്‍ദ്ദനമുറകള്‍ അവസാനിപ്പിച്ച് ഹൈടെക്ക് സംവിധാനത്തിന്റെ നേട്ടങ്ങള്‍ പ്രയോജനപ്പെടുത്തികൊണ്ടുള്ള പുത്തന്‍ രീതികള്‍ ആവിഷ്‌ക്കരിക്കാനാണ് പോലീസിന്റെ ഉന്നത അധികൃതരുടെ തീരുമാനം. പോലീസ് സ്‌റ്റേഷനുകളില്‍ പതിവു കാഴ്ച്ചയായ അസഭ്യ വര്‍ഷ പ്രയോഗവും ഇടിമുറികളും താമസിയാതെ ആധുനിക സംവിധാനങ്ങളോടു കൂടിയ ചോദ്യം ചെയ്യല്‍ മുറകളിലേക്ക് വഴിമാറും.

അതോടെ ഇടിമുറികള്‍ ‘ഇ-മുറി’കളായി മാറും. അത്യാധുനിക യന്ത്രോപകരണങ്ങളുടെ സഹായത്തോടെയായിരിക്കും മേലില്‍ കുറ്റവാളികളെ ചോദ്യം ചെയ്യുക. പ്രതികളെ ശാരീരികമായി കൈകാര്യം ചെയ്യാത്ത രീതിയിലായിരിക്കും ചോദ്യം ചെയ്യല്‍.അമേരിക്കയുടെയും ചൈനയുടെയും സാങ്കേതിക വിദ്യയില്‍ വികസിപ്പിച്ചെടുത്ത യന്ത്രോപകരണങ്ങളാണ് ഇതിനായി ഏര്‍പ്പെടുത്തുക.ചുരുക്കത്തില്‍ പോലീസ് സ്‌റ്റേഷനുകളില്‍ നിന്ന് കുറ്റവാളികളുടെ കരച്ചിലും പിഴിച്ചിലും ഇനി മേല്‍ വെറും ഓര്‍മയായി മാറും. ലോക്കപ്പ് പീഡനങ്ങളും മരണങ്ങളും ഇല്ലാതാകും കള്ളക്കേസില്‍ കുടുക്കപ്പെട്ട് പോലീസ് സ്‌റ്റേഷനില്‍ എത്തുന്ന നിരപരാധികള്‍ക്ക് നാണക്കേടുണ്ടാകാതെ വീട്ടിലേക്ക് തിരിച്ചു പോകാം. ചോദ്യം ചെയ്യല്‍ ദൃശ്യവല്‍ക്കരിക്കുന്നതിനാല്‍ തന്തയ്ക്കും തള്ളയ്ക്കും വിളിക്കുന്നത് ഇല്ലാതാകും. മൊഴികളും ദൃശ്യങ്ങളുമെല്ലാം പുന:പരിശോധനയ്ക്ക് വിധേയമാവുമെന്നതിനാല്‍ പ്രതികള്‍ക്കെന്ന പോലെ പോലീസിനും അങ്ങനെ എളുപ്പം രക്ഷപ്പെടാന്‍ കഴിയില്ല. ആധുനിക സംവിധാനത്തോടു കൂടിയുള്ള ചോദ്യം ചെയ്യല്‍ മുറികള്‍ സംസ്ഥാനത്ത് 14 ജില്ലകളിലും താമസിയാതെ യാഥാര്‍ഥ്യമാകും.സംസ്ഥാനത്തെ ആദ്യ ചോദ്യം ചെയ്യല്‍ മുറി കോട്ടയം ജില്ലയിലെ ഏറ്റുമാനൂരില്‍ പ്രവര്‍ത്തനം തുടങ്ങി.

0Shares