
ലോക്സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഏഷ്യാനെറ്റ് ഇന്ന് അഭിപ്രായ സർവേ എന്ന പേരിൽ പുറത്ത് വിട്ടത് ബി.ജെ.പിയ്ക്കായി നടത്തിയ പേഡ് സർവേ എന്ന് ആരോപണം. കേരളത്തിൽ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ ദേശീയ നേതൃത്വം മുന്നേറ്റം പ്രതീക്ഷിക്കുന്ന മണ്ഡലങ്ങളിൽ അത് സാധ്യമാണെന്ന് തെളിയിക്കാനായി വേണ്ടി മാത്രമാണ് സർവേ നടത്തിയത്. തിരുവനന്തപുരം മണ്ഡലത്തില്‍ ബി.ജെ.പിയുടെ വിജയവും തൃശൂർ പത്തനംതിട്ട മണ്ഡലങ്ങളിൽ ബി.ജെ.പിയുടെ വലിയ മുന്നേറ്റവും പ്രവചിക്കുന്ന സർവേ, കേരളത്തിന്‍റെ ഗ്രൗണ്ട് റിയാലിറ്റിയുമായി യാതൊരു ബന്ധമമില്ലാതെ നിഷ്പക്ഷ വോട്ടർമാരെ സ്വാധീനിക്കാൻ വേണ്ടി ചാനലിലെ സംഘപരിവാർ ബന്ധമുള്ള ഉന്നതർ ബി.ജെ.പിയുമായി ചേർന്ന് തയാറാക്കിയതാണെന്ന വിമർശനം ചാനലിൽ നിന്ന് തന്നെ ഉയർന്ന് കഴിഞ്ഞു.
രാജ്യത്തെ മാധ്യമ പ്രവർത്തന രംഗത്തെ തന്നെ അപമാനിക്കുന്നതാണ് സർവേയെന്നാണ് പല പ്രമുഖ മാധ്യമ പ്രവർത്തകരും സർവേയെ വിമർശിച്ച് രംഗത്ത് വന്നത്. ഇടതുപക്ഷത്തിന് സ്വാധീനമുള്ള ഇടങ്ങളിൽ പോലും യു.ഡി.എഫിന് മേൽ കെെ നൽകുന്ന തലത്തിലാണ് സർവേ ഫലം. ഇടതുപക്ഷത്തിനെതിരെ തയാറാക്കിയ സർവേയില്‍ പക്ഷെ മുഴച്ച് നിൽക്കുന്നത് ബി.ജെ.പി അനുകൂല അജണ്ടയാണ്.

സംസ്ഥാനത്ത് എത്ര തന്നെ വിരുദ്ധ തരംഗമുണ്ടായാലും സി.പി.എമ്മിന്‍റെ നിശ്ചിത ശതമാനം പാർട്ടി വോട്ടുണ്ട്. അത് പോലും പരിഗണിക്കാതെയാണ് സർവേ തയാറാക്കിയിട്ടുള്ളതെന്ന് ശതമാന കണക്കിൽ നിന്ന് വ്യക്തമാണ്.
കോൺഗ്രസ് നേതൃത്വം പോലും സ്വപ്നം കാണാത്ത മുന്നേറ്റമാണ് പാലക്കാട്, വടകര, കണ്ണൂർ, ആലപ്പുഴ എന്നിവിടങ്ങളിൽ ഏഷ്യാനെറ്റ് പ്രവചിക്കുന്നത്. ബി.ജെ.പിയുടെ എം.പിയായ രാജീവ് ചന്ദ്രശേഖരന്‍റെ ഉടമസ്ഥതയിലുള്ളതാണ് ഏഷ്യാനെറ്റ് ചാനൽ.
കേരളത്തിൽ ഒരുതരത്തിലും ബി.ജെ.പി തരംഗത്തിന് വഴിയില്ലെന്ന് തിരിച്ചറിഞ്ഞ കേന്ദ്ര നേതൃത്വത്തിന്‍റെ ആവശ്യ പ്രകാരം ഉത്തരേന്ത്യൻ മോഡലിൽ നടത്തിയ സർവേ ഫലമാണ് ഇന്ന് പുറത്ത് വിട്ടത്. ഈ ഫലം ഒരു തരത്തിലും യാഥാർഥ്യമാവില്ലെന്ന് ഏഷ്യാനെറ്റിന്‍റെ ചാനൽ റിപ്പോർട്ടർമാർ തന്നെ ചർച്ചയിൽ പറഞ്ഞതും ഇതിന്‍റെ തെളിവാണ്.
ആദ്യഘട്ട ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ആഴ്ചയിലേക്ക് കടക്കവേ സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചുള്ള വ്യക്തമായ വിലയിരുത്തലുമായി ഏഷ്യാനെറ്റ് ന്യൂസ്- AZ റിസര്‍ച്ച് പാര്‍ട്ണേഴ്സ് അഭിപ്രായ സര്‍വ്വേയുടെ രണ്ടാം ഘട്ട ഫലം എന്ന പേരിലാണ് ബി.ജെ.പിയ്ക്കായി നടത്തിയ പേഡ് സർവേ ഫലം പുറത്ത് വിട്ടത്.
