
കണ്ണൂർ: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർത്ഥിത്വത്തിനെതിരായ മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രസ്താവനക്ക് മറുപടിയുമായി കെ.പി.സി.സി വർക്കിംഗ് പ്രസിഡന്‍റും കണ്ണൂരിലെ കോൺഗ്രസ് സ്ഥാനാർത്ഥിയുമായ കെ. സുധാകരൻ.
രാഹുൽ ഗാന്ധി കേരളത്തിലെ വയനാട്ടിൽ മത്സരിച്ചാൽ ഇടത് പിന്തുണ ഇല്ലാതാകുമെങ്കിലും ഒരു കുഴപ്പവുമില്ല. ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസ് ഇടത് പിന്തുണ തേടരുത് എന്നാണ് പാർട്ടി പ്രവർത്തകരുടെയും ഞങ്ങളുടെയും ആഗ്രഹം. ഇടതുപക്ഷം എണ്ണാൻ പോലും തികയാത്ത പാർട്ടിയാണെന്നും അതുകൊണ്ട് ഇടതുപക്ഷത്തിന്‍റെ പിന്തുണയെക്കുറിച്ച് ആശങ്കയില്ലെന്നും കെ. സുധാകരൻ ഇന്ന് കണ്ണൂരിൽ പറഞ്ഞു.

രാഹുല്‍ വയനാട്ടില്‍ മത്സരിക്കുന്നത് തെറ്റായ സന്ദേശം നൽകുമെന്നും മത്സരം പ്രതീകാത്മകമാണെങ്കിൽ ബി.ജെ.പിക്ക് ശക്തിയുള്ള ഇടത്ത് ആകാമായിരുന്നു എന്നുമായിരുന്നു കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രസ്താവന. രാഹുല്‍ ഗാന്ധിയെ കേരളത്തില്‍ തോൽപ്പിക്കാൻ ഇടത് മുന്നണിക്ക് കഴിയുമെന്നും അതിന് വേണ്ടി തന്നെയാണ് ഇനിയുള്ള പരിശ്രമമെന്നും പിണറായി വിജയൻ വ്യക്തമാക്കി. അതേസമയം കേന്ദ്രത്തിൽ മതേതര സർക്കാർ രൂപീകരിക്കുന്നതിന് രാഹുലിന്‍റെ സ്ഥാനാർത്ഥിത്വം തടസമാകുമോ എന്ന് ഇപ്പോൾ പറയാനാകില്ലെന്നും പിണറായി വിജയൻ പറഞ്ഞു.
അതേസമയം, കേരളത്തിലും പശ്ചിമ ബംഗാളിലും സി.പി.എമ്മും കോൺഗ്രസും പരസ്പരം മത്സരിക്കുമെന്നും തെരഞ്ഞെടുപ്പിന് ശേഷമുള്ള രാഷ്ട്രീയ സാഹചര്യത്തിനനുസരിച്ച് സഖ്യ സാധ്യതകൾ പരിശോധിക്കുമെന്നുമായിരുന്നു കോൺഗ്രസ് വക്താവ് പി.സി ചാക്കോയുടെ പ്രതികരണം.
