ന്യൂഡല്‍ഹി: ലോക ജനതയെ നടുക്കിയ സുനാമി ദുരന്തത്തിന്റെ ഓര്‍മകള്‍ക്ക് ഇന്ന് പതിനാല് വയസ്. 2004 ഡിസംബര്‍ 26 നാണ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഭീമന്‍ സുനാമിതിരമാലകള്‍ ആഞ്ഞടിച്ചത്. ഇന്ത്യോനേഷ്യ, ഇന്ത്യ ശ്രീലങ്ക, മാലിദ്വീപുകള്‍, തായ്ലന്റ് എന്നീ രാജ്യങ്ങളിലാണ് സുനാമി ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ വിതച്ചത്. 12ഓളം രാജ്യങ്ങളില്‍ നിന്നുള്ള 2,25,000 പേരെ ഇല്ലാതാക്കിയ ആ കറുത്ത ദിവസത്തെ വേദനയോടെ ഓര്‍ക്കുകയാണ് ലോകം.
2004 ഡിസംബര്‍ 26 ന് ക്രിസ്മസ് ആഘോഷത്തിന്റെ ആലസ്യം തീരും മുമ്പേ ആഞ്ഞടിച്ച ഭീമന്‍ തിരമാലകള്‍ 14 രാജ്യങ്ങളില്‍ നിന്നായി കവര്‍ന്നെടുത്തത് മൂന്ന് ലക്ഷത്തോളം മനുഷ്യജീവനുകളെയായിരുന്നു. ഡിസംബര്‍ 26ന്, പ്രാദേശികസമയം 7.59നാണ് ഇന്തോനേഷ്യന്‍ ദ്വീപായ സൂമാത്രയുടെ പടിഞ്ഞാറന്‍ തീരത്തു 9.1 വ്യാപ്തിയുള്ള ഭൂകമ്പം ഉണ്ടായത്. ഏഴ് മണിക്കൂറിനുള്ളില്‍, കിഴക്കന്‍ ആഫ്രിക്ക വരെ എത്തിയ വന്‍തിരമാലകളുടെ ഒരു പരമ്പര തന്നെ സൃഷ്ടിച്ചു. 14 ബില്യണ്‍ ഡോളറിന്റെ നാശനഷ്ടം ഉണ്ടാക്കിയാണ് രാക്ഷസത്തിരകള്‍ പിന്‍വാങ്ങിയത്. യു.എസ് ജിയോളജിക്കല്‍ സര്‍വെയുടെ കണക്കുകള്‍ പ്രകാരം ഹിരോഷിമയില്‍ ഉപയോഗിച്ചത് പോലെയുള്ള 23,000 ബോംബുകള്‍ക്ക് തുല്യമായ ഊര്‍ജ്ജമാണ് സുനാമിയിലൂടെ പുറംതള്ളിയത്. സുനാമി ഏറ്റവും കൂടുതല്‍ ബാധിച്ച ഇന്തോനേഷ്യയിലെ അഷേഹില്‍ ആഞ്ഞടിച്ച തിരമാലകള്‍ക്ക് മുപ്പത് മീറ്റര്‍ വരെ ഉയരമുണ്ടായിരുന്നു. ഇന്ത്യയില്‍ കന്യാകുമാരി, ചെന്നൈ മറീന ബീച്ച്, ആന്ധ്ര, പുതുച്ചേരി, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, കേരള തീരങ്ങള്‍ എന്നിവിടങ്ങളിലാണു സുനാമി ആഞ്ഞടിച്ചത് . അവധിക്കാലം ചിലവഴിക്കാനെത്തിയ വിനോദസഞ്ചാരികള്‍ ഉള്‍പെടേ 18,045 പേരാണ് മരണപ്പെട്ടത്. തമിഴ്നാടിന്റെ മിക്കവാറും തീരപ്രദേശങ്ങള്‍ ഉള്‍പ്പെടെ നിരവധി മത്സ്യ ബന്ധന ഗ്രാമങ്ങള്‍ തന്നെ അപ്രത്യക്ഷമായി.
കൊല്ലം ജില്ലയിലെ ആലപ്പാട്, ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ എന്നിവിടങ്ങളിലാണ് കേരളത്തില്‍ സുനാമി എറ്റവും ദുരന്തം വിതച്ചത്. മുന്നറിയിപ്പ് സംവിധാനങ്ങളുടെ അഭാവംമാണ് ദുരന്തതീവ്രത വര്‍ധിപ്പിച്ചത് എന്ന തിരിച്ചറിവ് ഇന്ത്യന്‍ ഓഷന്‍ സുനാമി വാണിംഗ് ആന്റ് മൈറ്റിഗേഷന്‍ സംവിധാനം നിലവില്‍ വരാന്‍ കാരണമായി. വര്‍ഷങ്ങളെത്ര കഴിഞ്ഞാലും ചരിതത്തില്‍ 2004 ഡിസംബര്‍ 26 കറുത്ത ദിനമാണ്. ലക്ഷക്കണക്കിന് പേരുടെ ജീവനും ജീവിതവും ഒരു നിമിഷം കൊണ്ട് കടലിലേക്ക് കൊണ്ടുപോയ ദിവസം. അതേസമയം ഇന്‍ഡോനേഷ്യയില്‍ ഇപ്പോഴും സുനാമിത്തിരമാലകള്‍ ഉണ്ടാവുന്നുണ്ട്.