ആ നാദബ്രഹ്മം നിലച്ചിട്ട് ഇന്നേക്ക് 38 വര്‍ഷം; നാല് ദശാബ്ദക്കാലം ഇന്ത്യന്‍ ചരിത്ര സംഗീതത്തിലെ സാമ്രാട്ടായിരുന്ന മുഹമ്മദ് റാഫിയുടെ ഗാനങ്ങള്‍ ഇന്നും ആസ്വാദകര്‍ നെഞ്ചിലേറ്റുന്നു

  • Post category:news
  • Reading time:3 mins read
You are currently viewing ആ നാദബ്രഹ്മം നിലച്ചിട്ട് ഇന്നേക്ക് 38 വര്‍ഷം; നാല് ദശാബ്ദക്കാലം ഇന്ത്യന്‍ ചരിത്ര സംഗീതത്തിലെ സാമ്രാട്ടായിരുന്ന മുഹമ്മദ് റാഫിയുടെ ഗാനങ്ങള്‍ ഇന്നും ആസ്വാദകര്‍ നെഞ്ചിലേറ്റുന്നു

മുംബൈ: 1980 ജുലായ് 31 വ്യാഴാഴ്ച രാത്രി ലോകം ആ വാര്‍ത്ത കേട്ടത് ഒരു ഞെട്ടലോടെയാണ്. ഗായകന്‍ മുഹമ്മദ് റാഫി അന്തരിച്ചു. ഇരുപതാം നൂറ്റാണ്ട് കേട്ട, ഏറ്റവും സുന്ദരമായ, ആ നാദബ്രഹ്മം നിലച്ചിരിക്കുന്നു. നാല് ദശാബ്ദക്കാലം പൗരുഷം തുളുമ്പിയ ആ ശബ്ദലാവണ്യം അസ്തമിച്ചു. നേരിയൊരു നെഞ്ച് വേദനയെ തുടര്‍ന്ന് രാവിലെ ബോംബെ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരുന്നു. വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ ഏറെ പരിശ്രമിച്ചെങ്കിലും രാത്രി 10.30 ഓടെ അന്ത്യശ്വാസം വലിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ ഗാനങ്ങള്‍ കേള്‍ക്കാത്തവരോ, ആസ്വദിക്കാത്തവരോ ഇന്നും വിരളമാണ്. മുഹമ്മദ് റാഫിയുടെ ഗാനങ്ങള്‍ പ്രക്ഷേപണം ചെയ്യാത്ത റേഡിയോ നിലയങ്ങളോ, ടെലിവിഷന്‍ കേന്ദ്രങ്ങളോ ഇന്ത്യയിലെന്നല്ല, വിദേശങ്ങളിലും ഉണ്ടാവില്ല. 1924 ഡിസംബര്‍ 24ന് പഞ്ചാബിലെ, കോട്ല സുല്‍ത്താന്‍ സിംഗ് എന്ന ഒരു കൊച്ചുഗ്രാമത്തിലായിരുന്നു ഹാജി അലി മുഹമ്മദിന്റെ ഏഴാമത് മകനായി മുഹമ്മദ് റാഫിയുടെ ജനനം. തികഞ്ഞ മതവിശ്വാസിയും യാഥാസ്ഥിതികനും ഭേദപ്പെട്ട സാമ്പത്തിക ശേഷിയുമുള്ള, ജന്മിയായിരുന്നു ഹാജി അലി മുഹമ്മദ്. നാല് ജ്യേഷ്ഠസഹോദരന്മാരും രണ്ട് സഹോദരിമാരുമായിരുന്നു മുഹമ്മദ് റാഫിയുടെ കൂടപ്പിറപ്പുകള്‍. ഉര്‍ദു വിദ്യാലയത്തിലായിരുന്നു പ്രാഥമിക പഠനം. സ്‌കൂളിലെ പാഠങ്ങള്‍ പഠിക്കുന്നതിനേക്കാള്‍ പ്രചാരത്തിലുണ്ടായിരുന്ന നാടന്‍ പാട്ടുകള്‍ ശ്രവണമധുരമായി പാടുന്നതിലായിരുന്നു റാഫിയുടെ താല്‍പര്യം. അങ്ങനെയിരിക്കേ ഗ്രാമത്തിലെ വൃദ്ധനായ ഒരു ഭിക്ഷാടകന്റെ പാട്ട് ഏറെ ആകര്‍ഷകമായി. ഫക്കീര്‍ പാടിക്കൊണ്ടിരുന്ന ആ ഗസലുകള്‍, അയാളേക്കാള്‍ മധുരമായി മുഹമ്മദ് റാഫി എന്ന ബാലന്‍ പാടിയതോടെ ഗ്രാമീണരേയും ഫക്കീറിനേയും അത്ഭുതപ്പെടുത്തി. അതോടെ റാഫിയുടെ തലവര തെളിയുകയായിരുന്നു. വിവാഹ വീടുകളിലും പൊതുപരിപാടികളിലും റാഫി തിളങ്ങി. ഗ്രാമവാസികള്‍ മകനെ വീടുകളില്‍ കൊണ്ടു പോയി പാട്ടുപാടിപ്പിച്ച് വഴിപിഴപ്പിക്കുകയാണെന്ന് ധരിച്ച പിതാവ് അമൃത്സറിലുള്ള മൂത്തമകന്റെ പലചരക്കുകടയിലേക്ക് ജോലിക്കായി ഇളയമകനായ റാഫിയെ അയച്ചു. എന്നാല്‍ അനുജനില്‍ ഒളിഞ്ഞുകിടക്കുന്ന ഗായകനെ ജ്യേഷ്ഠ സഹോദരന്‍ തിരിച്ചറിഞ്ഞു. റാഫിയെ ഛോട്ടേ ഗുലാം അലി എന്ന സംഗീതജ്ഞന്റെ കീഴില്‍ സംഗീതാഭ്യാസത്തിനായി അയച്ചു. വിഖ്യാത സംഗീതജ്ഞനായിരുന്ന ഫിറോസ് നിസാമിയുടെ കൂടെ മുഹമ്മദ് റാഫി രണ്ട് വര്‍ഷം വീണ്ടും സംഗീതം അഭ്യസിച്ചു.

https://www.youtube.com/watch?v=dgXAC6D_h5w

അതിനിടയില്‍ നിസാമി ലാഹോര്‍ റേഡിയോ നിലയത്തില്‍ സംഗീത സംവിധായകനായി നിയമിക്കപ്പെടുകയുണ്ടായി. ഒരു വര്‍ഷത്തിന് ശേഷം നിസാമി ഡല്‍ഹി റേഡിയോയിലേക്ക് മാറിയപ്പോള്‍ റാഫിയും ഒപ്പം പോയി. ഒരു പാട്ടിന് 15 രൂപ എന്നതില്‍ നിന്ന് 50 രൂപയായി പ്രതിഫലം വര്‍ധിക്കുകയും ചെയ്തതോടെ റേഡിയോ ശ്രോതാക്കള്‍ക്കിടയില്‍ മുഹമ്മദ് റാഫി അറിയപ്പെടുന്ന ഒരു ഗായകനായി കഴിഞ്ഞിരുന്നു. ഒരു സിനിമാ പിന്നണി ഗായകനെന്ന നിലയില്‍ മുഹമ്മദ് റാഫിക്ക് യഥാര്‍ത്ഥ അംഗീകാരം ലഭിച്ചുതുടങ്ങിയത് ജൂഗ്നു എന്ന ചലച്ചിത്രത്തിലൂടെയാണ്. 1946ല്‍ മുഹമ്മദ് റാഫി തന്റെ 22-ാം വയസില്‍ നൂര്‍ജഹാനോടൊപ്പം പാടിയ യഹാംബദ്ലാ… എന്ന മനോഹരമായ യുഗ്മ ഗാനമായിരുന്നു അത്. ശേഷം ബൈജുബാവറ എന്ന സിനിമയിലെ ഗാനങ്ങളാണ് മുഹമ്മദ് റാഫിയുടെ സംഗീത ജീവിതത്തിലെ നാഴികക്കല്ലായി പരിണമിച്ചത്. ആ സിനിമയില്‍ മുഹമ്മദ് റാഫി പാടിയ എല്ലാ ഗാനങ്ങളും ഹിറ്റായിത്തീര്‍ന്നു. ഓ ദുനിയാ കെ റഖ്വാലേ…എന്ന മാസ്റ്റര്‍ പീസ് ഗാനം മുഹമ്മദ് റാഫിയെ പ്രശസ്തിയുടെ ഉച്ചക്കൊടിയിലെത്തിച്ചുവെന്നോ കൊടുമുടിതാണ്ടിയെന്നോ ആകാശം മുട്ടെ ഉയര്‍ന്നുവെന്നോ എന്നു വേണം പറയാന്‍. മുഹമ്മദ് റാഫി-ലതാമങ്കേഷ്‌കര്‍ ജോഡിയില്‍ പിറന്ന ഗാനങ്ങള്‍ ഹിന്ദി സിനിമാ പ്രേമികളുടെ നിത്യഹരമായി. മുപ്പത് വര്‍ഷങ്ങളിലേറെക്കാലം മുഹമ്മദ് റാഫി-ലതാ മങ്കേഷ്‌കര്‍ ജോഡി അവിരാമമായി പാടിത്തിമിര്‍ത്തു. 26000 ത്തില്‍ പരം ഗാനങ്ങള്‍ ആലപിച്ച മുഹമ്മദ് റാഫിയുടെ അവസാന ഗാനം റെക്കോര്‍ഡ് ചെയ്യപ്പെട്ടത് ജെ. ഓംപ്രകാശിന്റെ ആസ്പാസ് എന്ന സിനിമക്ക് വേണ്ടിയാണ്. തൂ കഹിം ആസ്പാസ് രഹ്ത്തെ ഹൊ ദോസ്ത് എന്ന ആ ഗാനം മരണത്തിന് ഏതാനും ദിവസം മുമ്പാണ് പാടിയത്. സ്വാതന്ത്ര്യ സമരകാലത്ത് ജനങ്ങള്‍ക്ക് ആവേശം പകരുന്ന ഏറെ ഗാനങ്ങള്‍ മുഹമ്മദ് റാഫി ആലപിച്ചിട്ടുണ്ട്.

ബാപ്പുജികി അമര്‍ കഹാനി എന്ന ഗാന്ധിജിയുടെ ത്യാഗോജ്വലമായ ജീവിതത്തിലെ, അവിസ്മരണീയമായ സംഭവങ്ങള്‍ സ്പര്‍ശിച്ചുകൊണ്ടുള്ള ഗാനം അക്കാലത്ത് ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ജവഹര്‍ലാല്‍ നെഹ്റു തന്റെ കണ്ണ് തുടച്ചുകൊണ്ട്, 24 കാരനായ ആ യുവഗായകനെ, മാറോടണച്ച് അനുമോദിക്കുകയും വീട്ടിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു. വിലാപ ഗാനമായാലും ദേശഭക്തിഗാനമായാലും ‘മധുവന്മെ രാധികാനാചേരെ..’ പോലുള്ള സെമിക്ലാസിക്കലായാലും മര്‍മ്മമറിഞ്ഞുകൊണ്ട് പാടുക മുഹമ്മദ് റാഫിയുടെ മാത്രം പ്രത്യേകതയാണ്.  ഹിന്ദി സിനിമാ സംഗീതം എന്നും ഭാരതീയ സംഗീതത്തിന്റെ ഏറ്റവും ജനപ്രീതിയാര്‍ജ്ജിച്ച രൂപമാണ്. സംഗീത പ്രേമിയായ ഏതൊരു ഇന്ത്യാക്കാരന്റെ മനസ്സിലും എന്നും സ്ഥാനമുള്ള ഒരു ഗായകനുണ്ടെങ്കില്‍ അത് മുഹമ്മദ് റാഫി തന്നെയെന്ന് ജനം തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു. നാല്‍പ്പത് വര്‍ഷക്കാലയളവില്‍ തന്റെ ശബ്ദം കൊണ്ട് ജനഹൃദയങ്ങളെ വശീകരിച്ച മുഹമ്മദ് റഫി മരണശേഷവും അജയ്യനായി നിലകൊള്ളുകയാണ്. ഒരു പിന്‍ഗാമി മുഹമ്മദ് റഫിക്ക് അസാധ്യമാണ്. അദ്ദേഹത്തിന്റെ വേറിട്ട ആലാപന ശൈലിയും ശബ്ദ സൗകുമാര്യവും അതിന് അനുവദിക്കുന്നില്ലാ എന്ന് ചുരുക്കം.

0Shares