ന്യൂഡല്‍ഹി: പുതുമുഖ നടി പ്രിയ പ്രകാശ് വാര്യര്‍ക്കെതിരായി തെലങ്കാന പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍ സുപ്രീംകോടതി റദ്ദാക്കി. “അടാര്‍ ലവ്” സിനിമയിലെ മാണിക്യ മലരായ പൂവി എന്ന ഗാനം മത വികാരം വ്രണപ്പെടുത്തി എന്നാരോപിച്ച് തെലങ്കാന പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ ആറാണ് സുപ്രീം കോടതി റദ്ധാക്കിയത്. തെലങ്കാന സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഹര്‍ജി പരിഗണിക്കവേ സുപ്രീംകോടതി നടത്തിയത്. സിനിമയില്‍ ആരെങ്കിലും ഒരു പാട്ട് പാടും. നിങ്ങള്‍ അതിനെതിരെ ഉടന്‍ കേസ് എടുക്കും. നിങ്ങള്‍ക്ക് മറ്റു ജോലി ഒന്നും ഇല്ലേയെന്നാണ് തെലങ്കാന സര്‍ക്കാരിനോട് കോടതി ചോദിച്ചത്.
സിനിമയിലെ പാട്ടിനെക്കുറിച്ച് പരാതിയുണ്ടെങ്കില്‍ സമീപിക്കേണ്ടത് സെന്‍സര്‍ ബോര്‍ഡിനെയാണ് എന്നും കോടതി പറഞ്ഞു. പ്രശസ്തമായ ഒരു ഗാനത്തിന്റെ ചിത്രീകരണത്തില്‍ കണ്ണു ചിമ്മുന്നത് ദൈവ നിന്ദയായി കാണാന്‍ ആകില്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു. ചിത്രത്തിലെ നായിക പ്രിയ പ്രകാശ് വാര്യരും സംവിധായകന്‍ ഒമര്‍ ലുലുവും നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി നടപടി എടുത്തത്. നേരത്തെ ഇതേ ഹര്‍ജിയില്‍ പ്രിയക്കെതിരെ ക്രിമിനല്‍ചട്ടപ്രകാരം നടപടി സ്വീകരിക്കരുതെന്നും സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു.