ആഷിഖ് അബുവിൻ്റെ ചിത്രം ‘വൈറസ്’ ആദ്യ പോസ്റ്റര്‍ പുറത്ത്

  • Post category:news
  • Reading time:1 min read
You are currently viewing ആഷിഖ് അബുവിൻ്റെ ചിത്രം ‘വൈറസ്’ ആദ്യ പോസ്റ്റര്‍ പുറത്ത്

കൊച്ചി: കേരളത്തെ നിപാ പനിയില്‍ പൊള്ളിച്ചു നിര്‍ത്തിയ കാലം ആഷിഖ് അബു സിനിമയാക്കുന്നു. വൈറസ് എന്ന സിനിമയുടെ ആദ്യ പോസ്റ്റര്‍ ആഷിഖും റിമയും ഫേസ് ബുക്കിലൂടെ പുറത്തു വിട്ടു. രേവതി, ആസിഫ് അലി, പാര്‍വതി, റിമ കല്ലിങ്കല്‍, ടോവിനോ തോമസ്, കാളിദാസ് ജയറാം, രമ്യാ നമ്പീശന്‍, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, ചെമ്പന്‍ വിനോദ് തുടങ്ങി വന്‍ താരനിരയാണ് സിനിമയില്‍ അണിനിരക്കുന്നത്. രാജീവ് രവിയാണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. മുഹ്‌സിന്‍ പരാരി സുഹാസ് ഷറഫു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിൻ്റെ  രചന. സംഗീതം സുശിന്‍ ശ്യാം.ആഷിഖ് അബുവിൻ്റെ നിര്‍മ്മാണ കമ്പനിയായ ഒ.പി.എം ആണ് ചിത്രം നിര്‍മ്മിക്കുന്നത്. കേരളത്തിൻ്റെ മറ്റൊരു അതിജീവന കഥപറയുന്ന ചിത്രം പ്രേക്ഷകര്‍ സ്വീകരിക്കും എന്ന പ്രതീക്ഷയിലാണ് അണിയറ പ്രവര്‍ത്തകര്‍. നിപ വൈറസ് കാലത്ത് ഏറെ ശ്രദ്ധപിടിച്ചുപറ്റിയ ഒരു ഫോട്ടോയാണ് പോസ്റ്ററില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളജിലെ നിപ നിരീക്ഷണ വാര്‍ഡില്‍ നിന്ന് രോഗികളുടെ വസ്ത്രങ്ങളം അവശിഷ്ടങ്ങളും സംസ്‌കരിക്കാനായി സ്‌ട്രെച്ചറില്‍ കൊണ്ടുപോകുന്ന ജീവനക്കാരുടെ ചിത്രമാണത്. മായാ നദിയുടെ വിജയത്തിന് പിന്നാലെ ഒരുക്കുന്ന ചിത്രം ഒരു യഥാര്‍ത്ഥ കഥയാണെന്നല്ലാതെ സിനിമയെക്കുറിച്ച് മറ്റ് സൂചനകളൊന്നും ആഷിഖും പുറത്ത് വിട്ടിട്ടില്ല.

0Shares