ആശുപത്രി അധികൃതര്‍ ആംബുലന്‍സ് നിഷേധിച്ചു; പനി ബാധിച്ച ഒമ്പത് വയസ്സുകാരനേയും കൊണ്ട് അമ്മ നടന്നത് കിലോമീറ്ററുകള്‍; വഴിമധ്യേ കുട്ടി മരിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing ആശുപത്രി അധികൃതര്‍ ആംബുലന്‍സ് നിഷേധിച്ചു; പനി ബാധിച്ച ഒമ്പത് വയസ്സുകാരനേയും കൊണ്ട് അമ്മ നടന്നത് കിലോമീറ്ററുകള്‍; വഴിമധ്യേ കുട്ടി മരിച്ചു

ലക്‌നൗ: ആശുപത്രി അധികൃതര്‍ ആംബുലന്‍സ് നിഷേധിച്ചത് കാരണം ഒമ്പത് വയസ്സുകാരന്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരിലാണ് സംഭവം.കടുത്ത പനിയെ തുടര്‍ന്ന് തിങ്കളാഴ്ച രാത്രിയാണ് അഫ്‌റോസ് എന്ന കുട്ടിയെ ഷാജഹാന്‍പൂരിലെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ആശുപത്രിയില്‍ മതിയായ സംവിധാനമില്ലെന്നും കുട്ടിയെ ലക്‌നൗവിലെ മറ്റേതെങ്കിലും ആശുപത്രിയിലേക്ക് കൊണ്ടുപോകണമെന്നും ആയിരുന്നു ഡോക്ടറുടെ നിര്‍ദേശം.

ഇതിനു വേണ്ടി ആംബുലന്‍സ് നല്‍കണമെന്ന് കുട്ടിയുടെ മാതാപിതാക്കള്‍ അധികൃതരോട് ആവശ്യപ്പെട്ടു. എന്നാല്‍ ആംബുലന്‍സ് വിട്ടു നല്‍കാന്‍ അധികൃതര്‍ തയ്യാറായില്ല. മൂന്ന് ആംബലന്‍സുകള്‍ ആശുപത്രിയിലുണ്ടായിരുന്നിട്ടും ഒന്നുപോലും അനുവദിച്ചില്ലെന്ന് കുടുംബം പറയുന്നു. അധികൃതര്‍ ആംബുലന്‍സ് നിഷേധിച്ചതോടെ മകനേയും ചുമന്ന് ആശുപത്രി തേടി അമ്മ കിലോമീറ്ററുകല്‍ നടന്നു. യാത്രമധ്യേ കുട്ടി മരിച്ചു. മറ്റു വാഹനങ്ങളില്‍ കൊണ്ടുപോകാന്‍ കയ്യില്‍ പണമില്ലാത്തതിനാലാണ് കുട്ടിയെകൊണ്ട് നടന്നതെന്ന് മാതാവ് പറഞ്ഞു.

എന്നാല്‍ ആംബുലന്‍സ് നിഷേധിച്ചെന്ന ആരോപണം ആശുപത്രി അധികൃതര്‍ തള്ളി. ‘അഫ്‌റോസിനെ തിങ്കളാഴ്ച രാത്രി 8.10നാണ് ആശുപത്രിയില്‍ കൊണ്ടുവന്നത്. കുട്ടിക്ക് പനി കൂടുതലായിരുന്നു. ലക്‌നൗവിലെ ഏതെങ്കിലും ആശുപത്രിയിലേയ്ക്ക് കുട്ടിയെ മാറ്റണമെന്ന് ഞങ്ങള്‍ പറഞ്ഞു. തുടര്‍ന്ന് കുട്ടിയെ രക്ഷിതാക്കള്‍ സ്വന്തം ഇഷ്ടപ്രകാരം തിരികെ കൊണ്ടുപോകുകയായിരുന്നു’- എമര്‍ജെന്‍സി മെഡിക്കല്‍ ഓഫീസര്‍ അനുരാഗ് പരശാര്‍ പറഞ്ഞു.

0Shares