മെക്സികോ സിറ്റി: പറന്നുകൊണ്ടിരുന്ന വിമാനത്തില്‍ നിന്ന് മൃതദേഹം താഴേക്ക് വീണു. മൃതദേഹം വന്ന് പതിച്ചത് ആശുപത്രിയുടെ മുകളില്‍. മെക്സികോയിലെ തെക്കന്‍ സംസ്ഥാനമായ സിനലോവയിലെ എല്‍റാഡോ ഐ.എം.എസ്.എസ്. ആശുപത്രിക്കെട്ടിടത്തിന് മുകളിലാണ് മൃതദേഹം കണ്ടത്തിയത്. ആശുപത്രിയുടെ സമീപത്തുണ്ടായിരുന്ന ദൃക്സാക്ഷികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മൃതദേഹം വിമാനത്തില്‍ നിന്നും വീണതാണെന്ന് ഉറപ്പിച്ചത്. മൃതദേഹത്തില്‍ കാണപ്പെട്ട മുറിവുകള്‍ വീഴ്ചയുടെ ആഘാതം മൂലമോ മറ്റെന്തെങ്കിലും കാരണത്താലോ ഉണ്ടായതാവാമെന്ന് സിനലോവയിലെ ഡെപ്യൂട്ടി അറ്റോര്‍ണി ജനറല്‍ വ്യക്തമാക്കി. അതേസമയം സിനലോവയില്‍ നിന്ന് അറുപത് കീലോമീറ്റര്‍ അകലെ രണ്ടു മൃതദേഹങ്ങള്‍ കൂടി കണ്ടെത്തിയിട്ടുണ്ട്. ഇതേ വിമാനത്തില്‍ നിന്ന് തന്നെ താഴേക്കെറിഞ്ഞതാകാമെന്നാണ് കരുതുന്നത്.
മയക്കുമരുന്ന് സംഘങ്ങളുടെ കേന്ദ്രമാണ് ഈ പ്രദേശം. ഒരു കാര്‍ഷിക കേന്ദ്രമായ സിനലോവയില്‍ കാര്‍ഷികാവശ്യങ്ങള്‍ക്കു വേണ്ടി ചെറുവിമാനങ്ങള്‍ ഇടയ്ക്കിടെ പറക്കാറുണ്ട്. വിമാനങ്ങള്‍ താഴ്ന്നു പറക്കുന്നതും പതിവാണ്. അതുകൊണ്ട് തന്നെ അധികമാരും വിമാനങ്ങളുടെ സഞ്ചാരം ശ്രദ്ധിക്കാറില്ല. കൂടാതെ സിനലോവയായിരുന്നു മയക്കുമരുന്നു രാജാവായ ജോക്വിന്‍ ചാപോ ഗുസ്മാന്റെ പ്രവര്‍ത്തന മണ്ഡലം. 2016ല്‍ അറസ്റ്റിലാവുന്നത് വരെ ഇവിടത്തെ മയക്കുമരുന്നു വ്യാപാരസാമ്രാജ്യം ഗുസ്മാന്റെ കയ്യിലായിരുന്നു. ഗുസ്മാന്റെ അറസ്റ്റിന് ശേഷം ഈ പ്രദേശത്തെ സുരക്ഷാസംവിധാനങ്ങള്‍ പാടെ താറുമാറായി. മയക്കു മരുന്നു സംഘങ്ങള്‍ക്കിടയിലുള്ള തമ്മിലടികള്‍ ഇരട്ടിയാവുകയും കൊലപാതകങ്ങള്‍ സാധാരണമാവുകയും ചെയ്തു. ആശുപത്രിക്കെട്ടിടത്തിനു മുകളില്‍ നിന്ന് കിട്ടിയ മൃതശരീരവും ഇത്തരത്തില്‍ കൊല ചെയ്യപ്പെട്ടതാവാമെന്ന വാദവുമുണ്ട്.