
ചാന്ദ്രയാൻ – 2 ദൗത്യത്തിന്‍റെ ഭാഗമായി ചന്ദ്രനിൽ ഇറങ്ങുന്നതിനു തൊട്ടുമുൻപ് വിക്രം ലാൻഡറുമായുള്ള ആശയവിനിമയം നഷ്ടമായി. ചന്ദ്രയാൻ രണ്ടിന്‍റെ നിയന്ത്രണം ഏകോപിപ്പിക്കുന്ന ബെംഗളൂരുവിലെ പീനിയ ഐ.എസ്.ആര്‍.ഓ ടെലിമെട്രി, ട്രാക്കിങ് ആൻഡ് കമാൻഡ് നെറ്റ്‌വർക്ക് കേന്ദ്രത്തിലെ(ഇസ്ട്രാക്) മിഷൻ കോംപ്ലക്സിന് വിക്രം ലാൻഡർ ചന്ദ്രലിറങ്ങാൻ 2.1 കിലോമീറ്റർ മാത്രം ബാക്കി നിൽക്കേ ബന്ധം നഷ്ടമായതായി ഐ.എസ്.ആര്‍.ഓ ചെയർമാൻ ഡോ.കെ.ശിവൻ അറിയിച്ചു.
ലാൻഡർ ഇറങ്ങിയോ എന്നതിൽ സ്ഥിരീകരണം വൈകിയതിനു പിന്നാലെ ശനിയാഴ്ച രാവിലെ എട്ടിന് ഐ.എസ്.ആര്‍.ഓ ചെയർമാൻ നടത്താനിരുന്ന വാർത്താസമ്മേളനം റദ്ദാക്കി. ഇതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദി ബെംഗളൂരുവിലെ ഇസ്ട്രാക്കിൽ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും.നാലു ലക്ഷം കിലോമീറ്റർ അകലെ നിന്നുള്ള ചന്ദ്രയാൻ 2 ദൗത്യത്തിലെ സന്ദേശങ്ങൾ സെക്കൻഡുകൾക്കുള്ളിലാണ് ഇസ്റോയുടെ ഇസ്ട്രാക് വിലയിരുത്തി തുടർനിർദ്ദേശങ്ങൾ നൽകിവന്നത്. ഇതിനിടെയാണ് ലാൻഡറുമായുള്ള ബന്ധം നഷ്ടമായത്.

പല ഷിഫ്റ്റുകളിലായി ഇസ്ട്രാക്കിൽ രാപകൽ ഇമചിമ്മാതെ പ്രവർത്തിക്കുന്ന ഇരുന്നൂറോളം ശാസ്ത്രജ്ഞരുടെയും സാങ്കേതിക വിദഗ്ധർക്കുമൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നിന്ന് ഓൺലൈൻ പ്രശ്നോത്തരിയിലൂടെ തിരഞ്ഞെടുത്ത വിദ്യാർത്ഥികളും ദൗത്യത്തിന് സാക്ഷ്യം വഹിക്കാൻ എത്തിയിരുന്നു.
ലാൻഡറിൽ നിന്ന് വിവരങ്ങൾ ലഭ്യമാകാതായതോടെ ആശങ്കയിലായ ശാസ്ത്രജ്ഞർക്ക് പ്രധാനമന്ത്രി ധൈര്യം പകരുന്ന ദൃശ്യങ്ങളും പുറത്തുവന്നു. ഏതു ദൗത്യത്തിലും വിജയപരാജയങ്ങളുണ്ടാകാം.രാജ്യം ശാസ്ത്രജ്ഞരിൽ വിശ്വാസം പുലർത്തുന്നു. ഞങ്ങൾക്ക് നിങ്ങളിൽ എന്നും പ്രതീക്ഷയുണ്ട്. – ശാസ്ത്രജ്ഞർക്കു ധൈര്യം പകർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു .
