ആള്‍ക്കൂട്ട, വര്‍ഗീയ കൊലപാതകങ്ങളുടെ കണക്കില്ലാതെ നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ റിപ്പോര്‍ട്ട് പുറത്തുവിട്ടു

  • Post category:news
  • Reading time:1 min read
You are currently viewing ആള്‍ക്കൂട്ട, വര്‍ഗീയ കൊലപാതകങ്ങളുടെ കണക്കില്ലാതെ നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ റിപ്പോര്‍ട്ട് പുറത്തുവിട്ടു

ഇന്ത്യയിലെ കലാപങ്ങളുടെയും കുറ്റകൃത്യങ്ങളുടെയും കണക്ക് പുറത്തുവിട്ട് നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ റിപ്പോര്‍ട്ട്. 2017ലെ റിപ്പോര്‍ട്ട് ഒരു വര്‍ഷം വൈകി പ്രസിദ്ധീകരിച്ചു. അതേസമയം,ആള്‍ക്കൂട്ട കൊലപാതകങ്ങളും ഖാപ് പഞ്ചായത്ത് കൊലപാതകങ്ങളും മതവര്‍ഗീയ കൊലപാതകങ്ങളും ഇത്തവണ റിപ്പോര്‍ട്ടില്‍ പ്രത്യേകമായി ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് വിമര്‍ശനമുയര്‍ന്നു.

സൈബര്‍ കുറ്റകൃത്യങ്ങളും രാജ്യത്തിനെതിരെയുള്ള കുറ്റകൃത്യങ്ങളും പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ ആള്‍ക്കൂട്ട കൊലപാതകവും മത വര്‍ഗീയ കലാപങ്ങളും ഖാപ് പഞ്ചായത്ത് കൊലപാതകങ്ങളും റിപ്പോര്‍ട്ടില്‍ പ്രത്യേകം ഇടം നേടിയിരുന്നെങ്കില്‍ ഇത്തവണ ‘മറ്റുള്ളവ(others)’ കാറ്റഗറിയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ 2017ല്‍ രാജ്യത്ത് എത്ര ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ നടന്നുവെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമായ കണക്കില്ല.

റിപ്പോര്‍ട്ട് പ്രകാരം രാജ്യത്ത് നടക്കുന്ന കലാപങ്ങളുടെ എണ്ണം കുറഞ്ഞു. അതേസമയം, കലാപങ്ങളുടെ തീവ്രത വര്‍ദ്ധിച്ചു. 2017ല്‍ രാജ്യത്ത് പ്രതിദിനം ശരാശരി 161 കലാപക്കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ശരാശരി 247 പേര്‍ കലാപങ്ങള്‍ക്ക് ഇരയാകുന്നു. ഇരകളുടെ എണ്ണത്തില്‍ 2016നേക്കാള്‍ 22 ശതമാനം വര്‍ദ്ധനവുണ്ടായി.
2017ല്‍ മൊത്തം 58,880 കലാപക്കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

കലാപത്തിന് ഇരയായവര്‍ 90,304പേര്‍. കഴിഞ്ഞ വര്‍ഷം 61,974 കലാപക്കേസുകള്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ ഇരകളുടെ എണ്ണം 73,744 ആയിരുന്നു. ബിഹാറിലാണ് ഏറ്റവും കൂടുതല്‍ കലാപം നടന്നത്(11698). ഉത്തര്‍പ്രദേശ്(8990), മഹാരാഷ്ട്ര(7743) എന്നിവയാണ് തൊട്ടുപിന്നിലുള്ള സംസ്ഥാനങ്ങള്‍. തമിഴ്നാട്ടിലാണ് കൂടുതല്‍ പേര്‍ കലാപങ്ങള്‍ക്ക് ഇരയായത്. 1935 കേസുകളില്‍ 18,749 പേര്‍ കലാപത്തിന് ഇരയായി. പഞ്ചാബാണ് സമാധനം പുലരുന്ന സംസ്ഥാനങ്ങളില്‍ മുന്നില്‍. ഒറ്റ കലാപക്കേസ് മാത്രമാണ് പഞ്ചാബില്‍ രജിസ്റ്റര്‍ ചെയ്തത്.

0Shares