ആള്‍കൂട്ടം കണ്ട് തൃപ്തനാകാകെ ഫോട്ടോഷോപ് നടത്തിയ ചിത്രം ട്വിറ്ററിലിട്ടു; ലാലു പ്രസാദ് യാദവിനെ തേടിവന്നത് ട്രോളുകളുടെ പെരുമഴ

  • Post category:news
  • Reading time:1 min read
You are currently viewing ആള്‍കൂട്ടം കണ്ട് തൃപ്തനാകാകെ ഫോട്ടോഷോപ് നടത്തിയ ചിത്രം ട്വിറ്ററിലിട്ടു;  ലാലു പ്രസാദ് യാദവിനെ തേടിവന്നത് ട്രോളുകളുടെ പെരുമഴ

പാറ്റ്‌ന: ബിജെപിയെ പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കൂ എന്ന മുദ്രാവാക്യമുയര്‍ത്തി പാറ്റ്‌നയില്‍ ആര്‍.ജെ.ഡി നടത്തിയ മഹാറാലിയുടെ ചിത്രം ട്വിറ്ററിലിട്ട ദേശീയ അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിന് നേരെ ട്രോള്‍മഴ. റാലിയില്‍ പങ്കെടുത്ത ആളുകളുടെ എണ്ണത്തില്‍ തൃപ്തനാകാതെ ചിത്രത്തില്‍ ‘ഫോട്ടോഷോപ്പ്’ നടത്തി മൈതാനത്തെ ജനസാഗരമാക്കാന്‍ ശ്രമിച്ചതാണ് വിനയായത്. ഫോട്ടോ കച്ചിത്തുരുമ്പാക്കി രാഷ്ട്രീയ എതിരാളികള്‍ അടക്കം വിശ്രമമില്ലാതെ ഇപ്പോഴും ട്രോളുകയാണ്. ഒരു ‘മുഖ’ത്തിനും ബീഹാറില്‍ തന്റെ അടിത്തറയ്ക്ക് മുമ്പില്‍ പിടിച്ച് നില്‍ക്കാനാവില്ലെന്നും എണ്ണാമെങ്കില്‍ എണ്ണിക്കോളൂ’ അടിക്കുറിപ്പോടെ ലാലു ഇട്ട ചിത്രമാണ് പരിഹാസത്തിന് കാരണമായത്. മാധ്യമങ്ങള്‍ പുറത്തുവിട്ട യഥാര്‍ഥ ചിത്രത്തില്‍ അങ്ങിങ്ങ് മൈതാനത്തിന്റെ പച്ചപ്പ് കാണാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ മൈതാനത്തെ പച്ചപ്പ് പോലും കാണാനാകാത്ത വിധം ആളുകളെ പെരുപ്പിച്ചാണ് ലാലു ഫോട്ടോ ഇട്ടത്. ആളില്ലാതിരുന്ന ഇടത്തുപോലും എഡിറ്റിംഗ് നടത്തിയ ആളെ കുത്തിനിറയ്ക്കാന്‍ ശ്രമിച്ചത് ട്രോളന്മാര്‍ കണ്ടെത്തിയതോടെ പരിഹാസം ഉയര്‍ന്നു.ലാലുവിന്റെ ട്വിറ്റര്‍ പോസ്റ്റിന് താഴെ ഇരുഫോട്ടോകളേയും താരത്യപ്പെടുത്തി പോസ്റ്റിട്ടതോടെ ഫോട്ടോഷോപ്പ് ദുരന്തം കൂടുതല്‍ പേര്‍ അറിഞ്ഞു. ‘ആളുകള്‍ ആകാശത്ത് നിന്ന് പൊട്ടി വീഴുന്നതായും’ ജനങ്ങളെ പലഭാഗങ്ങളില്‍ നിന്ന് മൈതാനത്തേക്ക് കോരിയിടുന്ന രീതിയിലുമെല്ലാം’ ചിത്രങ്ങള്‍ എത്തി. എന്തായാലും ആര്‍ജെഡി ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. ലാലുപ്രസാദിന്റെ ഭാര്യ റാബ്റി ദേവി, മക്കളായ തേജസ്വി യാദവ്, തേജ് പ്രതാപ് യാദവ്, മരുമകളായ മിസാ ഭാരതി എന്നവരും ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, ബി.എസ്.പി നേതാവ് അഖിലേഷ് യാദവ്, കോണ്‍ഗ്രസ് നേതാവായ ഗുലാം നബി ആസാദ്, സി.പി ജോഷി, എന്‍സിപി നേതാവായ താരിഖ് അന്‍വര്‍, സിപിഐ നേതാവ് സുധാകര്‍ റെഡ്ഡി തുടങ്ങിയവരും റാലിയുടെ ചടങ്ങില്‍ പങ്കെടുത്തിരുന്നു.

 

0Shares