ആളാവാന്‍ സംഗീത ആല്‍ബം ഇറക്കിയ പി ജയരാജന്‍ വെട്ടിലായി; ആല്‍ബത്തിനെതിരേ പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശനം; ആല്‍ബം തയ്യാറാക്കിയതില്‍ പങ്കില്ലെന്നും പാര്‍ട്ടികകത്ത് വിമര്‍ശനമുണ്ടാകുന്നത് സ്വാഭാവികമെന്നും ജയരാജന്‍

  • Post category:news
  • Reading time:2 mins read
You are currently viewing ആളാവാന്‍ സംഗീത ആല്‍ബം ഇറക്കിയ പി ജയരാജന്‍ വെട്ടിലായി; ആല്‍ബത്തിനെതിരേ പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശനം; ആല്‍ബം തയ്യാറാക്കിയതില്‍ പങ്കില്ലെന്നും പാര്‍ട്ടികകത്ത് വിമര്‍ശനമുണ്ടാകുന്നത് സ്വാഭാവികമെന്നും ജയരാജന്‍

കണ്ണൂര്‍: ആളാവാന്‍ സംഗീത ആല്‍ബം ഇറക്കിയ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ വെട്ടിലായി. ആല്‍ബത്തിനെതിരേ പാര്‍ട്ടിക്കുള്ളില്‍ തന്നെ പരക്കെ വിമര്‍ശനം. ജയരാജനെ ഉയര്‍ത്തിക്കാട്ടുന്ന തരത്തിലുള്ള ഗാനവും മറ്റും പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്നുണ്ടായ സ്വാഭാവിക പ്രതികരണം മാത്രമാണെന്നും മറ്റുള്ളവരും ഇതുപോലെ ചെയ്തിട്ടില്ലേയെന്നും ചോദിച്ചുകൊണ്ട് പാര്‍ട്ടി പ്രവര്‍ത്തകരില്‍ ഒരു വിഭാഗം മുന്നോട്ടുവന്നിരിക്കുകയാണ്. ആര്‍.എസ്.എസ്, ബി.ജെ.പി ഭീകരതയെ നേരിടാനും പാര്‍ട്ടിയെ ശക്തമായി മുന്നോട്ടുനയിക്കാനും ജയരാജന്‍ നടത്തിയ ഇടപെടലുകളെ തുടര്‍ന്നുണ്ടായ സ്വാഭാവികമായ പ്രതികരണമാണ് അദ്ദേഹത്തെ വ്യക്തിപരമായി ഉയര്‍ത്തിക്കാട്ടുന്ന തരത്തിലുള്ള ഗാനങ്ങളും ഫ്ളക്സുകളുമെന്നാണ് ഇവര്‍ വാദിക്കുന്നത്. സംഘപരിവാറിന്റെ ശ്രീകൃഷ്ണ ജയന്തി പോലുള്ള ആഘോഷങ്ങളെ പ്രതിരോധിച്ച് പാര്‍ട്ടി സംഘടിപ്പിച്ച സാംസ്‌കാരിക ഘോഷയാത്ര പോലുള്ള പരിപാടികള്‍ ജയരാജന്റെ ആശയമായിരുന്നു. ഇത്തരം ആശയങ്ങള്‍ പാര്‍ട്ടി തന്നെ സംസ്ഥാന തലത്തില്‍ ഏറ്റെടുക്കുന്ന സ്ഥിതിയാണ് ഉണ്ടായത്.

അത്തരം ഇടപെടലുകളെ തുടര്‍ന്നുണ്ടായ ജനപ്രീതിയാണ് ജയരാജനെ ഉയര്‍ത്തിക്കാട്ടുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളെന്നും അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ വാദിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവര്‍ക്ക് നേരത്തെ ഇത്തരത്തിലുള്ള ജനപ്രീതി ലഭിച്ചിട്ടുണ്ട്. ‘ഇരട്ടച്ചങ്കന്‍’ എന്ന പേരിലാണ് അദ്ദേഹം അറിയപ്പെടുന്നത്. തെരഞ്ഞെടുപ്പ് വേളയിലും മറ്റും പിണറായിയും വി.എസും അടക്കമുള്ള നേതാക്കളെ ഉയര്‍ത്തിക്കാട്ടിയുള്ള ഫ്ളക്സുകള്‍ സംസ്ഥാന വ്യാപകമായി ഉപയോഗിച്ചിട്ടില്ലേയെന്നും പാര്‍ട്ടിയിലെ ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു. ആധുനിക കാലഘട്ടത്തില്‍ പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്ക് ഇത്തരം സാധ്യതകള്‍ ഉപയോഗിക്കാവുന്നതാണെന്നും ജയരാജനെ അനുകൂലിക്കുന്നവര്‍ വാദിക്കുന്നു. അതിനിടെ, ഈ സംഭവവുമായി ബന്ധപ്പെട്ട് പാര്‍ട്ടി നേതാക്കള്‍ ആരും തന്നെ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.

https://www.youtube.com/watch?v=kGshQblo5jQ

അതേസമയം തിരുവനന്തപുരത്ത് നടന്ന സി.പി.എം സംസ്ഥാന സമിതി യോഗത്തില്‍ തനിക്ക് നേരെ വിമര്‍ശമുണ്ടായെന്ന വാര്‍ത്ത പി ജയരാജന്‍ സ്ഥിരീകരിച്ചു. വിമര്‍ശം പാര്‍ട്ടിയില്‍ പതിവാണെന്നും അതില്‍ ഉള്‍ക്കൊള്ളേണ്ടവ ഉള്‍ക്കൊണ്ട് മുന്നോട്ട് പോകുന്നതാണ് ഒരു പാര്‍ട്ടി പ്രവര്‍ത്തകന്റെ ഉത്തരവാദിത്തം. എന്നാല്‍ സംസ്ഥാനസമിതി യോഗത്തില്‍ നിന്ന് താന്‍ ഇറങ്ങിപ്പോയെന്നത് തെറ്റായ വാര്‍ത്തയാണെന്നും അദ്ദേഹം വിശദീകരിച്ചു. പാര്‍ട്ടിക്കുള്ളിലുണ്ടായ വിമര്‍ശങ്ങള്‍.
എന്താണെന്ന് വ്യക്തമാക്കാന്‍ വിസമ്മതിച്ച ജയരാജന്‍ വിവാദമായ സംഗീത ആല്‍ബം ഇറക്കിയതില്‍ പങ്കില്ലെന്നും തന്നോട് ചര്‍ച്ച ചെയ്തല്ല ഇറക്കിയതെന്നും പറഞ്ഞു. സിപിഎമ്മിന് സ്വയം വിമര്‍ശന സ്വഭാവമുണ്ട്. അതുള്‍ക്കൊണ്ട് തിരുത്തലുകള്‍ നടത്തുന്നത് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മാത്രം പ്രത്യേകതയാണ്. കണ്ണൂരില്‍ നടക്കുന്നത് പാര്‍ട്ടി തീരുമാനിച്ച കാര്യങ്ങള്‍ മാത്രമാണ്. കണ്ണൂര്‍ ഘടകത്തിന് ഒരു പ്രത്യേകതയും ഇല്ലെന്നും ജയരാജന്‍ പ്രതികരിച്ചു.

0Shares