ആലുവ പോലീസ് ക്ലബ്ബിലെത്തിയ നാദിര്‍ഷയ്ക്ക് ദേഹാസ്വാസ്ത്യം; ചോദ്യം ചെയ്യലില്‍ നിന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പിന്മാറി

  • Post category:news
  • Reading time:2 mins read
You are currently viewing ആലുവ പോലീസ് ക്ലബ്ബിലെത്തിയ നാദിര്‍ഷയ്ക്ക് ദേഹാസ്വാസ്ത്യം; ചോദ്യം ചെയ്യലില്‍ നിന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പിന്മാറി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരം ചോദ്യം ചെയ്യലിന് ഹാജരായ നാദിര്‍ഷയെ ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് ചോദ്യം ചെയ്യാനായില്ല. വെള്ളിയാഴ്ച രാവിലെ 9.45 ഓടെ നാദിര്‍ഷ ആലുവ പോലീസ് ക്ലബ്ബില്‍ എത്തിയിരുന്നു. തുടര്‍ന്ന് ചോദ്യം ചെയ്യലിനുള്ള പ്രാരംഭ നടപടികള്‍ പുരോഗമിക്കവെയാണ് നാദിര്‍ഷായുടെ രക്തസമ്മര്‍ദം ഉയര്‍ന്നത്. ഉടന്‍ തന്നെ വൈദ്യ പരിശോധനയ്ക്കായി ഡോക്ടര്‍മാരുടെ സംഘത്തെ പോലീസ് ക്ലബ്ബിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. റൂറല്‍ എസ്.പി എ.വി ജോര്‍ജ്, അന്വേഷണ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ ബൈജു പൗലോസ് എന്നിവരുടെ സാന്നിധ്യത്തില്‍ നടത്തിയ പരിശോധനയില്‍ പ്രമേഹം താഴ്ന്നതായും കണ്ടെത്തി. ഡോക്ടര്‍മാര്‍ ചോദ്യം ചെയ്യുന്നതിന് സന്നദ്ധമാണോ എന്ന് നാദിര്‍ഷയോട് ചോദിച്ചപ്പോള്‍ ഇപ്പോള്‍ കഴിയില്ലെന്ന് മറുപടി നല്‍കി. ഡോക്ടര്‍മാര്‍ ഇതേകുറിച്ച് അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചു. ഇതോടെ അന്വേഷണ സംഘം ചോദ്യംചെയ്യലില്‍ നിന്ന് പിന്മാറി. വൈദ്യ പരിശോധനയില്‍ ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്ന് കണ്ടെത്തിയാല്‍ മാത്രമേ നാദിര്‍ഷയെ വീണ്ടും ചോദ്യം ചെയ്യലിനു വിധേയമാക്കുകയുള്ളു എന്ന് റൂറല്‍ എസ്.പി എ.വി. ജോര്‍ജ്ജ് അറിയിച്ചു.  ഇക്കാര്യം കോടതിയെ അറിയിക്കുമെന്നും വേറൊരു ദിവസം ചോദ്യം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. രണ്ടാഴ്ച മുമ്പ് നാദിര്‍ഷയോട് ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നതാനാല്‍ അദ്ദേഹത്ത് ഹാജരാകാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന്, താന്‍ അന്വേഷണ സംഘവുമായി സഹകരിച്ചിരുന്നെന്നും എന്നാല്‍, പോലീസ് ഭീഷണിപെടുത്തുന്നതായും കാണിച്ച് നാദിര്‍ഷ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കുകയായിരുന്നു. നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചപ്പോഴാണ് അന്വേഷണ സംഘത്തിന് മുന്‍പാകെ ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചത്. കേസില്‍ നാദിര്‍ഷയുടെ പങ്കിനെ സംബന്ധിച്ച് ചില കാര്യങ്ങളില്‍ വ്യക്തത വരുത്തണമെന്നും ഇതിനായി അദ്ദേഹത്തെ ചോദ്യം ചെയ്യണമെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ച കോടതി നാദിര്‍ഷയോട് അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകാന്‍ ഉത്തരവിടുകയായിരുന്നു. കേസില്‍ നാദിര്‍ഷക്കെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. തെളിവുകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്. കേസ് ഡയറി, പള്‍സര്‍ സുനിയുടെ കുറ്റസമ്മത മൊഴി, മറ്റൊരു പ്രതിയായ വിഷ്ണുവിന്റെ മൊഴി ഇവയാണ് കൈമാറിയത്. നേരത്തേ, ദിലീപ് അറസ്റ്റിലാകുന്നതിനു മുന്‍പുള്ള ചോദ്യം ചെയ്യലില്‍ നാദിര്‍ഷായെയും ചോദ്യം ചെയ്തിരുന്നു. അന്നു 13 മണിക്കൂറോളമാണ് ഇരുവരെയും ചോദ്യം ചെയ്തത്. ഒരുമിച്ചിരുത്തിയും വെവ്വേറെ ഇരുത്തിയുമായിരുന്നു ചോദ്യം ചെയ്യല്‍. പിന്നീടു ദിലീപ് അറസ്റ്റിലായശേഷം ഒട്ടേറെപ്പേരുടെ മൊഴികള്‍ അന്വേഷണം സംഘം ശേഖരിച്ചിരുന്നു.

0Shares