ന്യൂഡല്‍ഹി: ആലുവ കൂട്ടകൊലക്കേസ് പ്രതി എം.എ ആന്റണിയുടെ വധശിക്ഷ സുപ്രീംകോടതി ജീവപര്യന്തമായി കുറച്ചു. 2001 ല്‍ ഒരു കുടുംബത്തിലെ ആറുപേരെ കൊലപ്പെടുത്തിയ കേസില്‍ ആണ് ആന്റണിയെ വധശിക്ഷക്ക് വിധിച്ചത്. ഈ വിധി സുപ്രീംകോടതി ശരിവെച്ചിരുന്നു. കേസിലെ ഏക പ്രതിയായ ആന്റണിയുടെ ദയാഹര്‍ജി രാഷ്ട്രപതി തള്ളിയിരുന്നു.
എന്നാല്‍ ഇപ്പോള്‍ ആന്റണി നല്‍കിയ പുന പരിശോധനാ ഹര്‍ജി പരിഗണിച്ചാണ് ജസ്റ്റിസ് മദന്‍ ബി ലോകൂര്‍ അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്. വധശിക്ഷയ്ക്കെതിരായ പുനഃപരിശോധന ഹര്‍ജികള്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്ന് 2014 ല്‍ ചീഫ് ജസ്റ്റീസായിരുന്ന ആര്‍.എം. ലോധയുടെ ബഞ്ച് വിധിച്ചിരുന്നു. ഈ വിധിയുടെ പശ്ചാത്തലത്തില്‍ പുനഃപരിശോധന ഹര്‍ജി തുറന്ന കോടതിയില്‍ തീര്‍പ്പാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി ആന്റണി ഹര്‍ജി നല്‍കി. തുടര്‍ന്ന് വധശിക്ഷ സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു. ഇപ്പോള്‍ അന്തിമ വിധി പാസാക്കുകയായിരുന്നു.
2001 ജനുവരി ആറിനായിരുന്നു കൂട്ടക്കൊലപാതകം നടന്നത്. മാഞ്ഞൂരാന്‍ വീട്ടില്‍ അഗസ്റ്റിന്‍ (47) ഭാര്യ ബേബി (42), മക്കളായ ജെയ്മോന്‍ (14) ദിവ്യ (12) അഗസ്റ്റിന്റെ മാതാവ് ക്ലാര തൊമ്മി (74) സഹോദരി കൊച്ചുറാണി (42) എന്നിവരാണ് ക്രൂരമായി കൊലചെയ്യപ്പെട്ടത്.
ആലുവ കൂട്ടക്കൊലക്കേസ്: പ്രതി ആന്റണിയുടെ വധശിക്ഷ ജീവപര്യന്തമാക്കി