
ആലപ്പുഴ: ആലപ്പുഴ – തിരുവനന്തപുരം ദേശീയ പാതയില്‍ മാരാരികുളത്തിന് സമീപം കെ.എസ്.ആര്‍.ടി.സി ബസും ടെമ്പോ ട്രാവലറും കൂട്ടിയിടിച്ച് പ്രതിശ്രുതവരൻ ഉൾപ്പെടെ മൂന്നുപേർ മരിച്ചു. അപകടത്തില്‍ 11 പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു അപകടം .വിവാഹ നിശ്ചയം കഴിഞ്ഞ് തിരുവനന്തപുരത്ത് നിന്നും കണ്ണൂരിലേക്ക് പോകുകയായിരുന്ന കെ.എൽ 01 എ.യു 9494 ടെംപോ ട്രാവലറും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന കെ.എസ്.ആര്‍.ടി.സി സൂപ്പർഫാസ്റ്റ് ബസും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
കണ്ണൂർ മട്ടന്നൂർ സ്വദേശികളായ വിജയകുമാർ(40), ബിനേഷ് (30), പ്രസന്ന(48) എന്നിവരാണ് അപകടത്തിൽ മരണപ്പെട്ടത്. അപകടത്തിൽ മരിച്ചതും പരിക്കേറ്റവരും ടെംപോ ട്രാവലറിലെ യാത്രക്കാരാണ്. ഇവരെല്ലാം കണ്ണൂർ സ്വദേശികളാണെന്നാണ് വിവരം. വണ്ടിയിലുണ്ടായിരുന്ന ഒരു കുട്ടിയടക്കം 11 പേരാണ് ഇപ്പോൾ ആലപ്പുഴ മെഡിക്കൽ കോളേജിൽ ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഇവരിൽ പലരുടേയും നില അതീവ ഗുരുതരമാണെന്നാണ് വിവരം.

ഇടിയുടെ ആഘാതത്തിൽ ടെംപോ ട്രാവലർ രണ്ടായി നെടുകെ പിളർന്നു. ബസിലെ യാത്രക്കാർക്ക് കാര്യമായ പരിക്കില്ലെന്നാണ് പോലീസ് അറിയിക്കുന്നത്. അപകടസമയത്ത് ഇരുവാഹനങ്ങളും അമിതവേഗതയിലായിരുന്നുവെന്നാണ് സൂചന. കൂട്ടിയിടിയുടെ ആഘാതത്തിൽ പൂർണമായും തകർന്ന ടെംപോ ട്രാവലറിൽ നിന്നും ഏറെ പണിപ്പെട്ടാണ് നാട്ടുകാരും ഫയർഫോഴ്സ് ഉദ്യോഗസ്ഥരും ചേർന്ന് പരിക്കേറ്റവരെ പുറത്തെടുത്തത്.
രണ്ട് പേർ സംഭവസ്ഥലത്ത് വച്ചും ഒരാൾ ആശുപത്രിയിൽ വച്ചുമാണ് മരിച്ചതെന്നാണ് വിവരം. മരിച്ചവരുടെ മൃതദേഹങ്ങൾ ചേർത്തല താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കണ്ണൂർ മട്ടന്നൂരിർ വിമാനത്താവളത്തിന് സമീപമാണ് ഇവരുടെ വീടെന്നാണ് വിവരം. തിരുവനന്തപുരത്ത് വിവാഹനിശ്ചയചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു ഇവരെന്നാണ് വിവരം.
