ആറ് കിലോ കഞ്ചാവുമായി പ്രമുഖ സീരിയല്‍ നടിയും രണ്ടു യുവാക്കളും പിടിയില്‍.

  • Post category:news
  • Reading time:1 min read
You are currently viewing ആറ് കിലോ കഞ്ചാവുമായി പ്രമുഖ സീരിയല്‍ നടിയും രണ്ടു യുവാക്കളും പിടിയില്‍.

മലപ്പുറം: എക്‌സൈസ് സംഘത്തിന്റെ നേതൃത്വത്തില്‍ മലപ്പുറം വണ്ടൂരില്‍ നടന്ന തിരച്ചിലില്‍ വന്‍ കഞ്ചാവ് വേട്ട. മൂന്നംഗ സംഘമാണ് പിടിയിലായത് .പിടിയിലായവരില്‍ സീരിയല്‍-ടെലിഫിലിം നടിയും രണ്ടു യുവാക്കളും ഉള്‍പ്പെടുന്നു .ആറ് കിലോ കഞ്ചാവുമായാണ് ഇവരെ കാളികാവ് റേഞ്ച് എക്‌സൈസ് അറസ്റ്റ് ചെയ്തത്. ടെലിഫിലിമുകളിലും ആല്‍ബങ്ങളിലും അഭിനയിച്ചിട്ടുള്ള മലപ്പുറം കോട്ടപ്പടി സ്വദേശിനി തോല്‍പ്പറമ്പത്ത് സാഹിറ(44), കോഡൂര്‍ ചെമ്മന്‍കടവ് ചോലക്കല്‍ പാലംപടിയില്‍ മുഹമ്മദ് ഷമീം (23), ഏനിക്കല്‍ വിപിന്‍ദാസ് (35) എന്നിവരെയാണ് ആറ് കിലോ കഞ്ചാവുമായി എക്‌സൈസ് സംഘം പിടികൂടിയത്. നടിയും രണ്ടു യുവാക്കളും ഉള്‍പ്പെട്ട മൂന്നംഗ സംഘം കഞ്ചാവ് കടത്തുന്നുണ്ടെന്ന് എക്‌സൈസ് ഇന്റലിജന്‍സ് രഹസ്യവിവരം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കാളികാവ് എക്‌സൈസ് നടത്തിയ വാഹന പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.സംഘം കാറിലായിരുന്നു കഞ്ചാവ് കടത്തിയിരുന്നത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാറും എക്‌സൈസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കഞ്ചാവ് കടത്തലിനിടെ പിടിക്കപ്പെടാതിരിക്കാനാണ് നടിയായ സാഹിറയെയും യുവാക്കള്‍ കൂടെക്കൂട്ടിയിരുന്നത്. കാറില്‍ സഞ്ചരിക്കുന്നത് കുടുംബമാണെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു സംഘത്തിന്റെ യാത്രയെന്നും എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. മൈസൂരുവില്‍ നിന്നും കാറില്‍ കഞ്ചാവുമായി മലപ്പുറത്തേക്ക് വരുന്നതിനിടെ വണ്ടൂരില്‍ വെച്ചാണ് മൂന്നംഗ സംഘത്തെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്യുന്നത്. ഇതിനുമുന്‍പും ഇവര്‍ കഞ്ചാവ് കടത്തിയിട്ടുണ്ടെന്നും തെളിഞ്ഞിട്ടുണ്ട്. കഞ്ചാവ് കടത്തലില്‍ മലപ്പുറത്തെ സീരിയല്‍-ടെലിഫിലിം നടിയും ഉള്‍പ്പെട്ടിട്ടുണ്ടെന്ന വാര്‍ത്ത ടെലിഫിലിം രംഗത്ത് ഞെട്ടലുണ്ടാക്കി. ഒട്ടേറെ ആല്‍ബങ്ങളില്‍ അഭിനയിച്ചിട്ടുള്ള സാഹിറ ഇപ്പോഴും രംഗത്ത് സജീവമാണ്.

0Shares