രാജസ്ഥാന്‍: സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ യൂണിഫോം ആര്‍.എസ.്എസ് യൂണിഫോമിന് സമാനമാക്കി രാജസ്ഥാന്‍ സര്‍ക്കാര്‍. അടുത്ത അധ്യയന വര്‍ഷം മുതലാണ് പുതിയ യൂണിഫോം നിലവില്‍ വരുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി വാസുദേവ് ദേവാനി അറിയിച്ചു. പെണ്‍കുട്ടികള്‍ക്ക് നീല കുര്‍ത്തയും വെള്ള സാല്‍വാറിനും പകരം ബ്രൗണ്‍ സാല്‍വാറോ സ്‌കര്‍ട്ടോ ആയിരിക്കും പുതിയ യുണിഫോം. അതേസമയം ആണ്‍കുട്ടികള്‍ക്ക് ലൈറ്റ് ബ്രൗണ്‍ ഷര്‍ട്ടിനൊപ്പം ബ്രൗണ്‍ ട്രൗസര്‍ അല്ലെങ്കില്‍ പാന്റ്സ് ആയിരിക്കും ഉണ്ടാവുക. പുതിയ യൂണിഫോമിനായി ടെക്സറ്റൈല്‍ പട്ടണമായ ഭില്‍വാരയില്‍ നിന്നാണ് വിദ്യാഭ്യാസ വകുപ്പ് തുണിയുടെ മാതൃക ശേഖരിച്ചത്. ഇവിടെ നിന്നുമാണ് ആര്‍.എസ്.എസിന്റെ പുതിയ യൂണിഫോമിനായുള്ള തുണിത്തരങ്ങളും വിതരണം ചെയ്തത്.

കഴിഞ്ഞ വര്‍ഷം ആര്‍.എസ്.എസ് പരിഷ്‌ക്കരിച്ച യൂണിഫോമിന് സമാനമായ നിറത്തിലുള്ളതാണ് സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ പുതിയ യൂണിഫോം. കഴിഞ്ഞ മാര്‍ച്ചില്‍ രാജസ്ഥാനില്‍ ചേര്‍ന്ന അഖില ഭാരതീയ പ്രതിനിധി സഭയിലായിരുന്നു യൂണിഫോം മാറ്റാനുള്ള തീരുമാനമെടുത്തത്. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടേതിനെക്കാള്‍ മികച്ചതാക്കാനാണ് യൂണിഫോം പരിഷ്‌ക്കരിക്കുന്നത് എന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വാദം. ആര്‍.എസ.്എസ് മാതൃകയിലാണ് യൂണിഫോം പരിഷ്‌ക്കരിക്കുന്നതെന്ന ആരോപണം വിദ്യാഭ്യാസ മന്ത്രി നിഷേധിച്ചു. ലഭ്യമായ നിരവധി കളറുകളില്‍ നിന്നാണ് പുതിയ യൂണിഫോം തെരഞ്ഞെടുത്തതെന്ന് മന്ത്രി വാസുദേവ് ദേവാനി വ്യക്തമാക്കി. സ്‌കൂള്‍ സിലബസില്‍ ഹിന്ദുത്വ അജണ്ട തിരുകി കയറ്റുന്നുവെന്ന ആരോപണങ്ങള്‍ നേരത്തെ തന്നെ ഉയര്‍ന്നിട്ടുണ്ടായിരുന്നു. ശ്യമപ്രസാദ് മുഖര്‍ജി, ദീന്‍ ദയാല്‍ ഉപാധ്യായ, വീര്‍സവര്‍ക്കര്‍ എന്നിവരെക്കുറിച്ചുള്ള പാഠഭാഗങ്ങള്‍ സിലബസില്‍ ഉള്‍പ്പെടുത്തുകയും ജവഹര്‍ലാല്‍ നെഹ്റു അടക്കമുള്ളവരെക്കുറിച്ചുള്ള ഭാഗങ്ങള്‍ കുറയ്ക്കുകയും ചെയ്തത് നേരത്തെ വിവാദമായിരുന്നു.