
ന്യൂഡല്‍ഹി : ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ബി.ജെ.പി പട്ടികയ്ക്ക് മാറ്റങ്ങളോടെ അന്തിമരൂപമായതായി സൂചന. പത്തനംതിട്ട മണ്ഡലത്തില്‍ മത്സരിക്കാനായി പിടിവാശി തുടര്‍ന്ന സംസ്ഥാന പ്രസിഡന്റ് പി. എസ് ശ്രീധരന്‍പിള്ള മത്സരിക്കേണ്ടെന്ന് കേന്ദ്രനേതൃത്വം ആവശ്യപ്പെട്ടതായി സൂചന.
ആര്‍.എസ്.എസ് സുരേന്ദ്രനെ പിന്തുണച്ചതോടെ ശ്രീധരന്‍പിള്ള മാറിനില്‍ക്കണമെന്ന് നേതൃത്വം ആവശ്യപ്പെട്ടു. അതോടെ പത്തനംതിട്ടയില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ സ്ഥാനാര്‍ത്ഥി ആകുമെന്നാണ് കരുതുന്നത്.

പത്തനംതിട്ടയിലെ സീറ്റിനെച്ചൊല്ലിയുള്ള പിടിവലിയാണ് ബി.ജെ.പി സീറ്റ് നിര്‍ണയം അനിശ്ചിതത്വത്തിലാക്കിയത്. പി. എസ് ശ്രീധരന്‍പിള്ള, കെ. സുരേന്ദ്രന്‍, എം. ടി രമേശ് എന്നിവര്‍ക്ക് പുറമെ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവും പത്തനംതിട്ട സീറ്റിനായി രംഗത്തെത്തി. ഇതോടെ സ്ഥാനാര്‍ത്ഥി നിര്‍ണയം സങ്കീര്‍ണമായി.
ബി.ജെ.പി വിജയസാധ്യതയുള്ള സീറ്റുകളായി പരിഗണിക്കുന്ന പത്തനംതിട്ടയോ, തൃശൂരോ നല്‍കിയില്ലെങ്കില്‍ മത്സരിക്കാനില്ലെന്ന നിലപാടിലായിരുന്നു സുരേന്ദ്രന്‍. എന്നാല്‍ തൃശൂര്‍ സീറ്റ് ബി.ഡി.ജെ.എസിന് നല്‍കുകയായിരുന്നു. തെരഞ്ഞെടുപ്പിലേക്കുള്ള ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥി പട്ടിക കേന്ദ്രനേതൃത്വം അംഗീകരിച്ചുവെന്ന് പാർട്ടി നേതാവ് പി. കെ കൃഷ്ണദാസ് അറിയിച്ചു. പുതുക്കിയ പട്ടിക ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷായ്ക്ക് കൈമാറി. ഇന്ന് വൈകിട്ടോ നാളെയോ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന.
