ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെതിരെ ഉയര്‍ന്ന ഗുരുതരമായ അഴിമതിയാരോപണം അടിസ്ഥാന രഹിതമാണെന്ന് പാര്‍ട്ടിയിലെ വിമതര്‍ പോലും പറയുന്നു. ‘അഴിമതിയോട് സന്ധിയില്ലാത്ത മുഖ്യമന്ത്രി’ എന്ന് പേരെടുത്ത അരവിന്ദ് കെജരിവാളിനെതിരെയുള്ള ആരോപണത്തില്‍ യാതൊരു സത്യാവസ്ഥയുമില്ലെന്നാണ് ഒരിക്കല്‍ കെജരിവാളിന്റെ ഉറ്റ മിത്രങ്ങളും പിന്നീട് ശത്രുക്കളുമായ പ്രശാന്ത് ഭൂഷണിനെയും യോഗേന്ദ്ര യാദവിനെയും പോലുള്ളവര്‍ പറയുന്നത്. ആംആദ്മി പാര്‍ട്ടി ‘ഒരു മുങ്ങുന്ന കപ്പലാ’ണെന്ന കാര്യത്തില്‍ ഇരുവര്‍ക്കും സംശയമില്ല. പക്ഷേ, കെജരിവാള്‍ അഴിമതിക്കാരനാണെന്ന് വിശ്വസിക്കാന്‍ അവര്‍ തയ്യാറല്ല.

12 വര്‍ഷമായി തനിക്ക് കെജരിവാളിനെ അറിയാമെന്നും അദ്ദേഹം അഴിമതിക്ക് കൂട്ടു നില്‍ക്കില്ലെന്നുമാണ് ആംആദ്മി പാര്‍ട്ടിയിലെ ദേശീയ നിര്‍വ്വാഹക സമിതി അംഗവും പ്രശസ്ത ഹിന്ദി കവിയുമായ കുമാര്‍ വിശ്വാസ് തന്റെ ട്വിറ്ററില്‍ ട്വീറ്റ് ചെയ്തു. എന്നാല്‍, കപില്‍ മിശ്രയുടെ ആരോപണത്തില്‍ ഉള്‍പ്പെട്ട ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജയ്ന്‍ തന്റെ ഭാഗം വിശദീകരിക്കണമെന്നും ബിശ്വാസ് പറഞ്ഞു. ജയ്നിന്റെ പക്കല്‍നിന്ന് ഔദ്യോഗിക വസതിയില്‍വെച്ച് രണ്ടുകോടി രൂപ കെജരിവാള്‍ വാങ്ങുന്നത് കണ്ടുവെന്നായിരുന്നു കപില്‍ മിശ്രയുടെ ആരോപണം. മന്ത്രിസ്ഥാനത്തുനിന്ന് പുറത്താക്കപ്പെട്ടതിന്റെ പിറ്റേന്നാണ് ആരോപണമുന്നയിച്ചത്.