ആരോപണങ്ങള്‍ നിരവധിയുള്ള തച്ചങ്കരിയെ സുപ്രധാന പദവിയില്‍ നിയമിച്ചത് എന്തിന്..? ഹൈക്കോടതി

  • Post category:news
  • Reading time:1 min read
You are currently viewing ആരോപണങ്ങള്‍ നിരവധിയുള്ള തച്ചങ്കരിയെ സുപ്രധാന പദവിയില്‍ നിയമിച്ചത് എന്തിന്..? ഹൈക്കോടതി

കൊച്ചി: എഡിജിപി ടോമിന്‍ ജെ.തച്ചങ്കരിക്കെതിരെ ഹൈക്കോടതി. ആരോപണങ്ങള്‍ നിലനില്‍ക്കെ തച്ചങ്കരിയെ സുപ്രധാന പദവിയില്‍ നിയമിച്ചത് എന്തിനെന്ന് ഹൈക്കോടതി ആരാഞ്ഞു. തച്ചങ്കരിക്കെതിരായ ഹര്‍ജിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ വൈകിയതിന് സര്‍ക്കാരിനെ കോടതി വിമര്‍ശിച്ചു. പോലീസ് ആസ്ഥാനത്ത് എഡിജിപിയായി ടോമിന്‍ തച്ചങ്കരിയെ നിയമിച്ചതിന് എതിരായ ഹര്‍ജിയിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ പരാമര്‍ശം. നിരവധി ആരോപണങ്ങളാണ് തച്ചങ്കരിക്കെതിരെയുള്ളത്, അങ്ങനെയൊരാളെ എന്തിന് സുപ്രധാന പദവിയില്‍ നിയമിച്ചു, സെന്‍കുമാര്‍ വിരമിക്കാന്‍ കാത്തുനില്‍ക്കുകയാണോ സര്‍ക്കാരെന്നും കോടതി ചോദിച്ചു.

തച്ചങ്കരിക്കെതിരായ പരാതിയില്‍ സത്യവാങ്മൂലം നല്‍കാന്‍ നേരത്തെ കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇന്നു കേസ് പരിഗണിക്കുമ്പോഴും സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയില്ല. ഇതിനെ രൂക്ഷമായ വിമര്‍ശനത്തോടെയാണ് കോടതി നേരിട്ടത്. എന്തുകൊണ്ടാണ് സത്യവാങ്മൂലം വൈകുന്നതെന്ന് കോടതി ചോദിച്ചു. ഇതിനായി കൂടുതല്‍ സമയം അനുവദിക്കാനാവില്ല. ബുധനാഴ്ചയ്ക്കകം വിവരങ്ങള്‍ അറിയിക്കാന്‍ കോടതി സര്‍ക്കാരിന് കര്‍ശന നിര്‍ദേശം നല്‍കി. ടി.പി സെന്‍കുമാര്‍ കോടതി ഉത്തരവിലൂടെ സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തു തിരിച്ചെത്തുന്നതിനു തൊട്ടുമുമ്പാണ്, ടോമിന്‍ ജെ. തച്ചങ്കരിയെ പോലീസ് ആസ്ഥാനത്ത് നിയമിച്ചത്. കൈക്കൂലി വാങ്ങിയെന്ന ആരോപണത്തില്‍ തച്ചങ്കരിയെ സസ്പെന്‍ഡ് ചെയ്യണമെന്ന വിജിലന്‍സ് ഡയറക്ടറുടെ ശുപാര്‍ശയില്‍ നടപടി വേണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

0Shares