ആരുടെയെങ്കിലും വാ അടപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണോ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതെന്ന് ഹൈക്കോടതി; ഇ.പി ജയരാജനെതിരായ ബന്ധുനിയമന കേസ് റദ്ദാക്കി

  • Post category:news
  • Reading time:1 min read
You are currently viewing ആരുടെയെങ്കിലും വാ അടപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണോ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതെന്ന് ഹൈക്കോടതി; ഇ.പി ജയരാജനെതിരായ ബന്ധുനിയമന കേസ് റദ്ദാക്കി

കൊച്ചി: ഇ.പി ജയരാജനെതിരായ ബന്ധുനിയമന കേസ് ഹൈക്കോടതി റദ്ദാക്കി. ജയരാജന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി കേസ് റദ്ദാക്കിയത്. കേസ് നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കുകയായിരുന്നു. അഴിമതി നിരോധന പ്രകാരമുള്ള കുറ്റം നിലനില്‍ക്കില്ലെന്നും നിയമനത്തിലൂടെ ആരും ഏതെങ്കിലും തരത്തിലുള്ള നേട്ടമുണ്ടാക്കിയിട്ടില്ലെന്നും സര്‍ക്കാര്‍ കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു. പോള്‍ ആന്റണിക്കെതിരായ കേസും നിലനില്‍ക്കില്ലെന്ന് കോടതി പറഞ്ഞു. ഇത് കൂടാതെ പി.കെ.ശ്രീമതി എം.പിയുടെ മകന്‍ സുധീര്‍ നമ്പ്യാര്‍ എന്നിവര്‍ക്കെതിരായ കേസും റദ്ദാക്കിയിട്ടുണ്ട്. റിപ്പോര്‍ട്ട് പരിഗണിക്കവെ, വിജിലന്‍സിനെ ശക്തമായി വിമര്‍ശിച്ച കോടതി, നിലനില്‍ക്കാത്ത കേസ് എടുത്തത് എന്തിനാണെന്ന് ചോദിച്ചു. ആരുടെയെങ്കിലും വാ അടപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണോ വിജിലന്‍സ് കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നത്. എല്ലാം കഴിഞ്ഞ ശേഷം കോടതിയുടെ തലയില്‍ വച്ച് രക്ഷപ്പെടാനാണ് വിജിലന്‍സ് പലപ്പോഴും ശ്രമിക്കുന്നത്. ഇത് അംഗീകരിക്കാനാവുന്നതല്ലെന്നും കോടതി വ്യക്തമാക്കി. കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന് മുമ്പ് പ്രാഥമികമായി പരാതിയില്‍ കഴമ്പുണ്ടോയെന്നെങ്കിലും അന്വേഷിക്കേണ്ടതായിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. ജയരാജന്‍ വ്യവസായ മന്ത്രിയായിരിക്കെ ബന്ധുവായ പി.കെ.സുധീറിനെ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് എം.ഡിയായി നിയമിച്ചത് വിവാദമായിരുന്നു. ജയരാജനെതിരെ അഴിമതി നിരോധന നിയമം നിലനില്‍ക്കില്ലെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് കേസ് അവസാനിപ്പിക്കാന്‍ വിജിലന്‍സ് തീരുമാനിച്ചത്. നിയമനം ലഭിച്ചിട്ടും പി.കെ.ശ്രീമതിയുടെ മകന്‍ പി.കെ. സുധീര്‍ സ്ഥാനമേറ്റെടുത്തില്ല. പ്രതികളാരും സാമ്പത്തിക നേട്ടമുണ്ടാക്കിയില്ല. ഉത്തരവിറങ്ങി മൂന്നാം ദിവസംതന്നെ മന്ത്രി പിന്‍വലിച്ചെന്നുമാണു വിജിലന്‍സ് പറയുന്ന കാരണങ്ങള്‍. മന്ത്രിയായി 142ാം ദിവസമായിരുന്നു ഇ.പി.ജയരാജന്റെ രാജി. താന്‍ ചുമതലയേല്‍ക്കാത്തതിനാല്‍ സര്‍ക്കാരിനു ധനനഷ്ടം സംഭവിച്ചിട്ടില്ലെന്നും അഴിമതിനിരോധന നിയമപ്രകാരം കേസ് നിലനില്‍ക്കില്ലെന്നും കാട്ടി സുധീര്‍ ഹൈക്കോടതിയെ സമീപിച്ചു. കേസ് നിലനില്‍ക്കില്ലെങ്കില്‍ അവസാനിപ്പിക്കാന്‍ ഹൈക്കോടതി നിര്‍ദേശിക്കുകയായിരുന്നു.

0Shares