തൃശൂര്‍: ഈ വര്‍ഷത്തെ ഏറ്റവും പുതുമയുള്ള ചിത്രങ്ങളുടെ മുന്‍നിരയില്‍ സ്ഥാനം പിടിക്കാന്‍ പ്രണയ മധുരമായ ഒരു സിനിമ പടികടന്നെത്തുന്നു-തുടിക്കുന്ന യുവത്വം ചേതോഹരമായി പകര്‍ത്തിക്കാട്ടുന്ന ‘അങ്ങനെ ഞാനും പ്രേമിച്ചു’!… പ്രധാന കഥാപാത്രങ്ങളായി പുതുമുഖങ്ങളെ അണിനിരത്തി സംവിധാന രംഗത്തെ നവാഗതനായ രാജീവ് വര്‍ഗ്ഗീസ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഈ സിനിമയുടെ ചിത്രീകരണം തൃശൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പുരോഗമിക്കുന്നു. കലാലയ വിദ്യാര്‍ത്ഥികള്‍ക്കും ചെറുപ്പക്കാര്‍ക്കും അവിസ്മരണീയമായ അനുഭവമായി മാറുന്ന ഈ ചിത്രം പ്രണയത്തിന്റെ മനോഹര വര്‍ണ്ണങ്ങള്‍ വിടര്‍ത്തിക്കാട്ടുന്നു. ഒരേസമയം മൂന്ന് പുതുമുഖ നായകന്‍മാര്‍ തുല്യ പ്രാധാന്യത്തോടെ ചിത്രത്തില്‍ നിറഞ്ഞ് നില്‍ക്കുന്നു എന്നുള്ളതാണ് പ്രത്യേകത. നായികയും പുതുമുഖം തന്നെ. ജീവ, ജീവന്‍, വിഷ്ണു എന്നിവരാണ് നായകന്‍മാര്‍. സൂര്യ നായികയും.

സംസ്ഥാനത്തുടനീളം നടത്തിയ വ്യാപകമായ അന്വേഷണത്തിനും അഭിമുഖത്തിനും ഒടുവിലാണ് ഈ പുതുമുഖ താരങ്ങളെ കണ്ടെത്തിയത്. ബിഗ് സ്‌ക്രീനില്‍ ആദ്യമായി പ്രത്യക്ഷപ്പെടുന്നവരാണെങ്കിലും ഇവര്‍ ജന്മസിദ്ധമായ അഭിനയ മികവിലൂടെ ശ്രദ്ധിക്കപ്പെട്ടവരാണ്. റിയാലിറ്റി ഷോകളിലും ടെലിഫിലിമുകളിലും മറ്റും സാന്നിധ്യം അറിയിച്ചിട്ടുള്ള ഇവര്‍ മികവുറ്റ അഭിനയത്തിലൂടെ തങ്ങളുടെ കന്നിച്ചിത്രം പ്രേക്ഷകര്‍ക്ക് എക്കാലവും മറക്കാനാവാത്ത അനുഭവമാക്കി മാറ്റുമെന്ന കാര്യം ഉറപ്പാണ്.

പ്രശസ്ത നടന്‍ സിദ്ദിഖ്, നീനാ കുറുപ്പ്, നന്ദകിഷോര്‍, നിര്‍മ്മല്‍, നിഷാദ്, വിജു കൊടുങ്ങല്ലൂര്‍, സിനോജ് അങ്കമാലി, രാജേഷ് പറവൂര്‍, ഫവാസ്, ശിവകാമി, അഞ്ജനാ അപ്പുക്കുട്ടന്‍, തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. കൂടാതെ ചില പ്രമുഖ താരങ്ങള്‍ ഗസ്റ്റ് ആര്‍ട്ടിസ്റ്റുകളായും ചിത്രത്തില്‍ പ്രത്യക്ഷപ്പെടുമെന്നാണ് സൂചന. സ്റ്റോറി ടാക്കീസിന്റെ ബാനറില്‍ സൗമ്യാ രാജീവ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം രവിചന്ദ്രന്‍ നിര്‍വഹിക്കുന്നു. പ്രേക്ഷകരുടെ പ്രതീക്ഷകള്‍ക്ക് പുത്തന്‍ നിറച്ചാര്‍ത്തണിയിച്ചു കൊണ്ട് അണിയറയില്‍ തയ്യാറാവുന്ന ‘അങ്ങനെ ഞാനും പ്രേമിച്ചു’ ഓണക്കാലത്ത് റിലീസാകുമെന്ന് കരുതുന്നു.