
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഭരണത്തിനിടെ നരേന്ദ്രമോഡി ആദ്യമായി മാധ്യമങ്ങളെ കാണുന്നുവെന്ന വാർത്തകൾ വ്യാജമാണ്. ഈ മാസം 26ന് വാരാണസിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച ശേഷം മോഡി മാധ്യമങ്ങളെ കാണുമെന്നായിരുന്നു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മോഡിയുടെ മാധ്യമ പേടി പറഞ്ഞു നിരന്തരം വിമർശിക്കുന്നതിനിടെയാണ് ഇത്തരമൊരു റിപ്പോർട്ട് പുറത്ത് വന്നത്. എന്നാൽ വാർത്താ സംമേളനം ഉണ്ടാകുകയില്ലെന്ന് ബി.ജെ.പി അറിയിച്ചു.

പലപ്പോഴായി മാധ്യമങ്ങൾക്ക് അഭിമുഖങ്ങൾ നൽകാറുണ്ടെങ്കിലും കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ഇതുവരെ മാധ്യമങ്ങൾക്ക് മുന്നിൽ ചോദ്യോത്തരമെന്ന രീതിയിൽ അഭിമുഖീകരിക്കാൻ അദ്ദേഹം തയ്യാറായിട്ടില്ല. മുൻകൂട്ടി തയ്യാറാക്കിയ സ്ക്രിപ്റ്റ് പ്രകാരമാണ് മോഡിയുടെ അഭിമുഖങ്ങൾ എന്ന് പലകുറി വിമർശനങ്ങൾ ഉയർന്നതാണ്. നോട്ട് നിരോധനവും ബാലകോട്ട് ഭീകരാക്രമണവും ഉൾപ്പടെ രാജ്യത്തെ ബാധിക്കുന്ന പ്രശ്നങ്ങൾ ഉയർന്ന സാഹചര്യത്തിലൊന്നും തന്നെ മാധ്യമങ്ങളെ കാണാൻ മോഡി തയ്യാറായിരുന്നില്ല.
