
തിരുവനന്തപുരം: ആരാധനായലയങ്ങളുടെ മറവില്‍ ആയുധപരിശീലനം നടത്തുന്നത് തടയാന്‍ നിയമ നിര്‍മാണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപക്ഷത്ത് നിന്ന് വി.ഡി സതീശനാണ് വിഷയം സഭയുടെ ശ്രദ്ധയില്‍ക്കൊണ്ടുവന്നത്. ഭക്തിയുടെ മറവില്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ പോലും ആയുധ പരീശീലനം നടത്തുന്നുവെന്നായിരുന്നു വി.ഡി സതീശന്‍റെ ആരോപണം. ആരാധനാലയങ്ങളും വിദ്യാലയങ്ങളും കേന്ദ്രീകരിച്ച് ആര്‍.എസ്എസുകാര്‍ ദണ്ഡ് ഉപയോഗിച്ച് പരിശീലനം നടത്തുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഇത്തരം അനധികൃത ആയുധ പരിശീലത്തെ കുറിച്ച് വിവരം നല്‍കുന്നവരെ സര്‍ക്കാര്‍ സംരക്ഷിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

പലക്ഷേത്രങ്ങളിലും ആര്‍.എസ്എസ് നേതൃത്വത്തിലുള്ള ശാഖകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും, ആയുധപരിശീലനം നടക്കുന്നതായും സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും കഴിഞ്ഞദിവസം ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിപക്ഷം വിഷയം നിയമസഭയിലും ഉന്നയിച്ചത്.
